ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരം വിഴിഞ്ഞം ബൈപ്പാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചത്.
തിരുവനന്തപുരം: ബൈക്ക് അഭ്യാസങ്ങൾക്കും മത്സര ഓട്ടത്തിനും തടയിടാൻ മോട്ടോർ വാഹന വകുപ്പ് കർശന നടപടിയിലേക്ക്. വരുന്ന രണ്ടാഴ്ച്ചക്കാലം വ്യാപക പരിശോധനകൾ നടത്താൻ തീരുമാനിച്ചു. പതിവായി മത്സര ഓട്ടങ്ങളും അഭ്യാസങ്ങളും നടക്കുന്നതായി പരാതി ലഭിച്ച ഇടങ്ങൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും പൊതു നിരത്തുകളിലും പരിശോധന നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടിയടുക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കും. വിഴിഞ്ഞം ബൈപ്പാസിൽ ബൈക്ക് അഭ്യാസത്തിനിടെ രണ്ട് യുവാക്കൾ മരിച്ച സാഹചര്യത്തിൽ ഗതാഗതമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പ്രത്യേക ഓപ്പറേഷൻ ആസൂത്രണം ചെയ്യുന്നത്.
Read Also : 'ബൈക്ക് റേസിംഗ്, യുവാക്കളുടെ ഫോട്ടോ ഷൂട്ട് ലൊക്കേഷന്‍'; വിഴിഞ്ഞം ബൈപാസില്‍ അപടകങ്ങള്‍ തുടര്‍ക്കഥയാകുന്നു
ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരം വിഴിഞ്ഞം ബൈപ്പാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചത്. നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് (22), ചൊവ്വര സ്വദേശി ശരത് (20) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ എതിർദിശകളിൽ നിന്നെത്തിയ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച്ച തോറും യുവാക്കളുടെ സംഘങ്ങൾ ഇവിടെ മത്സരയോട്ടം നടത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒന്നരവഷത്തിനിടെ ഒന്‍പത് അപകടമരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
