തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി മുഖ്യമന്ത്രിയുടെ വികസന വിളംബരം. വിര്‍ച്വൽ പ്ലാറ്റ്ഫോമിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം. 

എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു വികസനവും കേരളത്തില്‍ നടക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയോര , തീരദേശ ഹൈവേകള്‍, ദേശീയ ജലപാത, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. 25 ലക്ഷം പേര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതി നടപ്പാകുമ്പോൾ കുത്തകകള്‍ അലോസരപ്പെടും. അത് സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ നിയമം ഭേദഗതി ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇനിയുള്ള വികസനത്തിനും എല്‍ഡിഎഫ് ജയിക്കേണ്ടത് അനിവാര്യമാണെന്നും ഇടത് സ്ഥാനാര്‍ഥികളെ ജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഓണ്‍ലൈനായി മുഖ്യമന്ത്രി വികസന വിളംബരം നടത്തിയത്.