ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന റവന്യു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ട് പിന്‍വലിച്ചു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി. കയ്യേറ്റം അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ പൊളിച്ച വിവാദ തീരുമാനം പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ്‌ ന്യൂസായിരുന്നു.

ഉത്തരവിറക്കിയ നടപടി  വിവാദമായതുകൊണ്ടും അന്വേഷണം സംബന്ധിച്ച തുടര്‍നടപടികളെ അത് ബാധിക്കുമെന്നതുകൊണ്ടും പഴയ ഉത്തരവ്  പിന്‍വലിക്കുകയാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. സംഘാംഗങ്ങളെ മുഴുവന്‍ തിരിച്ചെടുക്കുകയാണ്.പുതിയ ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.  

ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മ്മിച്ച് ഭൂമി കയ്യേറിയെന്ന് ഈ സംഘം കണ്ടെത്തിയതിനെത്തുടര്‍ന്ന് മുംബൈ ആസ്ഥാനമായ രണ്ട് കമ്പനികളുടെ പട്ടയങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ചിന്നക്കനാലില്‍ ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കാണ്ടുള്ള ഉത്തരവിറങ്ങിയതും അത് വിവാദമായതും.  12 അംഗ സംഘത്തിൽ 10 പേരെയാണ് സ്ഥലം മാറ്റിയിരുന്നത്.  

മൂന്നാറില്‍ നിരവധി അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച രേണുരാജിനെ പൊതുഭരണവകുപ്പ് സെക്രട്ടറിയായി സ്ഥലം മാറ്റിയിരുന്നു. ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജിന്‍റെയും കുടുംബാംഗങ്ങളുടെയും പേരില്‍ കൊട്ടക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയം അനധികൃതമാണെന്ന് കണ്ടെത്തി അത് റദ്ദ് ചെയ്തതിന് പിന്നാലെയായിരുന്നു രേണു രാജിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്നത്.