തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഈ മാസം 30 വരെ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണിത്. നിത്യപൂജയും ആചാരചടങ്ങുകളും മുടങ്ങില്ല. പരമാവധി 10 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം. കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദശിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം തൃശ്ശൂരിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു. നിരവധി പേർ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂർ തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ദേവസ്വം മന്ത്രി ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.