തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിൽ സീനിയർ ഉദ്യോഗസ്ഥർ കീഴ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ഉത്തരവുകൾ പുറത്തിറക്കരുതെന്ന് ഡിജിപി. പൊലീസുകാരുടെ മനോവീര്യവും ക്ഷേമവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുതിർന്ന ഉദ്യോഗസ്ഥർക്കുണ്ട്. പക്ഷെ ചില ജില്ലകളിൽ ഇതിൽ വീഴ്ച വന്നിട്ടുണ്ട്. ഇത്തരം സാഹചര്യം ജില്ലാ പൊലീസ് മേധാവിമാരിൽ നിന്നും ഉണ്ടാകാതിരിക്കാൻ ഡിഐജി, ഐജിമാർ ശ്രദ്ധിക്കണമെന്ന് ഡിജിപി നിർദ്ദേശിക്കുന്നു. ഇടുക്കി എസ് പിയിറക്കിയ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് ഡിജിപിയുടെ താക്കീത്.

പൊലീസുകാർ ക്വാറന്‍റീനിലാകാതെ ശ്രദ്ധിക്കണമെന്ന് കാണിച്ച് ഇടുക്കി ജില്ലയിലെ എസ്എച്ച്ഒമാർക്ക് ജില്ലാ പൊലീസ് മേധാവി ഇറക്കിയ സർക്കുലറാണ് വിവാദത്തിലായത്. അവധിയിലുള്ള പൊലീസുകാർ ക്വാറന്റീനിലായാൽ ചികിത്സ ചെലവ് സ്വന്തം നിലയിൽ വഹിക്കണം. കൂടാതെ വകുപ്പുതല നടപടിയും നേരിടേണ്ടി വരുമെന്നായിരുന്നു സർക്കുലർ. ഡ്യൂട്ടി റെസ്റ്റിലുള്ള പൊലീസുകാർക്കും നിർദ്ദേശങ്ങൾ ബാധകമാണ്. കടകളിൽ പോകുന്നത് ഒഴിവാക്കി സാധനങ്ങൾ ഓൺലൈനായി വാങ്ങണം. മറ്റുള്ളവരുടെ ഫോണോ വാഹനങ്ങളോ സ്പർശിക്കരുതെന്നും സർക്കുലറിലുണ്ട്. കൊവിഡ് കാലത്ത് സമയം നോക്കാതെ ജോലി ചെയ്യുന്ന ജില്ലയിലെ പൊലീസുകാർക്കിടയിൽ വ്യാപക അതൃപ്തിയാണ് സർക്കുലർ സൃഷ്ടിച്ചിരിക്കുന്നത്.

Also Read: "പൊലീസുകാ‌‌ർ ക്വാറന്‍റീനിലാകാതെ ശ്രദ്ധിക്കണം" ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ സർക്കുല‌ർ വിവാദമാകുന്നു