മടങ്ങാന്‍ താല്‍പര്യമുള്ളവരെ തൊഴില്‍ദാതാക്കള്‍ തടയാനും പാടില്ലെന്ന് ഡിജിപി
തിരുവനന്തപുരം: സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അതിഥി തൊഴിലാളികളില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‍റ. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതിയാകും. സ്വന്തം സംസ്ഥാനത്തേയ്ക്ക് തിരികെ പോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. അതുപോലെതന്നെ, മടങ്ങാന്‍ താല്‍പര്യമുള്ളവരെ തൊഴില്‍ദാതാക്കള്‍ തടയാനും പാടില്ല. മടങ്ങുന്നവര്‍ കുടുംബത്തെ സന്ദര്‍ശിച്ചശേഷം തിരിച്ചുവന്ന് കേരളത്തിലെ ജോലികള്‍ തുടരണമെന്നും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
അതിഥി തൊഴിലാളികളുമായി ആലുവയില്‍ നിന്നും തമ്പാനൂരില്‍ നിന്നും ട്രെയിനുകള്‍ പുറപ്പെട്ടു. കോഴിക്കോട്, തിരൂര്‍, എറണാകുളം എന്നിവടങ്ങളില്‍ നിന്നായി അതിഥി തൊഴിലാളികളുമായി ട്രെയിനുകള്‍ അല്‍പ്പസമയത്തിനകം യാത്ര തിരിക്കും. 1125 പേരാണ് ജാർഖണ്ഡ് ഹാത്തിയയിലേക്കുള്ള പ്രത്യേക ട്രെയിനിൽ തമ്പാനൂരില്‍ നിന്നും പുറപ്പെട്ടത്. മുക്കോല, നെടുമങ്ങാട്, പോത്തൻകോട് തുടങ്ങിയ പ്രദേശങ്ങളിലെ താല്‍ക്കാലിക ക്യാമ്പുകളിൽ നിനനുള്ളവരാണ് കൂടുതൽ പേരും.
ക്യാമ്പുകളിലും റെയിൽവേ സ്റ്റേഷനിലും ഇവരെ പരിശോധിച്ചു. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് യാത്രാ ടോക്കണും ആരോഗ്യ സർട്ടിഫിക്കറ്റും നൽകിയത്. സാമൂഹ്യ അകലം ഉറപ്പാക്കാനായി സ്ലീപ്പർ കോച്ചുകളിൽ 54 പേരെയും സെക്കന്‍റ് ക്ലാസ് കോച്ചുകളിൽ 36 പേരെയും മാത്രമാണ് പ്രവേശിപ്പിച്ചത്. ഇതിൽ മിഡിൽ ബെർത്തുകളും സൈഡ് സീറ്റുകളും ഒഴിച്ചിട്ടു. തിരൂരിൽ നിന്ന് പറ്റ്നയിലേയ്കാണ് ട്രെയിൻ. ആലുവ, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ നിന്ന് പട്ന, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കാണ് സർവീസ്. യാത്രയിൽ ആവശ്യമായ ഭക്ഷണ പക്കറ്റുകളും കുടിവെള്ളവും മരുന്നും നൽകിയാണ് അതിഥി തൊഴിലാളികളെ കേരളം മടക്കി അയക്കുന്നത്.
