സ്പിരിറ്റ് കടത്ത് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പന്നിയങ്കര,സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുമുണ്ട്. 

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ മുഖ്യആസൂത്രകൻ ധ‍‍ർമ്മരാജൻ കവ‍ർച്ച നടന്ന ശേഷം ബന്ധപ്പെട്ടത് ബിജെപിയുടെ ഉന്നതനേതാക്കളെ. കവ‍ർച്ചയ്ക്ക് ഏഴ് ബിജെപി നേതാക്കൾക്ക് ധ‍ർമ്മരാജൻ്റെ ഫോണിൽ നിന്നും കോളുകൾ പോയി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ മകനേയും ധർമ്മരാജൻ വിളിച്ചിട്ടുണ്ട്. 24 സെക്കൻഡാണ് സുരേന്ദ്രൻ്റെ മകനുമായി ധ‍ർമ്മരാജൻ സംസാരിച്ചത്. 

ധ‍‍ർമ്മരാജനെ പരിചയമുണ്ടെന്നും തെരഞ്ഞെടുപ്പ് സമ​ഗ്രാഹികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് അയാളെ ബന്ധപ്പെട്ടതെന്നുമാണ് ബിജെപി നേതാക്കൾ പൊലീസിന് നൽകിയ മൊഴി. ധ‍ർമ്മരാജൻ പണവുമായി വരുമെന്ന കാര്യം അറിയുമായിരുന്നില്ലെന്നും നേതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ കേവലമൊരു ബിജെപി പ്രവ‍ർത്തകൻ മാത്രമല്ല ധ‍ർമ്മരാജനെന്നും കൃത്യമായ ക്രിമിനൽ പശ്ചാത്തലം ഇയാൾക്കുണ്ടെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. 

സ്പിരിറ്റ് കടത്ത് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പന്നിയങ്കര,സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുമുണ്ട്. പന്നിയങ്കര കേസിൽ 70 ദിവസത്തോളം ജയിലിൽ കിടന്ന ധ‍ർമ്മരാജൻ ഹൈക്കോടതി ജാമ്യം അവനുവദിച്ചതിനെ തുട‌ർന്നാണ് പുറത്തിറങ്ങിയത്. അറിയപ്പെടുന്ന ഒരു അബ്കാരി കൂടിയാണ് ഇയാൾ. ധ‍ർമ്മരാജനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വിശദമായി മൊഴി രേഖപ്പെടുത്താനാണ് പൊലീസിൻ്റെ തീരുമാനം. 

കൊച്ചിയിൽ കഴിഞ്ഞ ദിവസം കുമ്മനവും വി.മുരളീധരനുമടക്കുള്ള ഉന്നത ബിജെപി നേതാക്കൾ കൊച്ചിയിൽ പറഞ്ഞത് കള്ളപ്പണക്കേസിൽ പരാതിക്കാരൻ മാത്രമാണ് ധർമ്മരാജനെന്നും എന്തിനാണ് പൊലീസ് പരാതിക്കാരൻ്റെ ഫോൺ കോളുകൾ പരിശോധിക്കുന്നതെന്നുമാണ്. വാദിക്കാരൻ്റെ കോൾലിസ്റ്റിലുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ബിജെപിയെ കരിവാരിതേയ്ക്കാൻ വേണ്ടിയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു.