കൊച്ചി: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഡീസൽ വില വീണ്ടും കൂടി. ലിറ്ററിന് 21 പൈസ കൂടി 76.45 രൂപയായി. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. 80.69 രൂപയാണ് പെട്രോൾ വില. ജൂൺ മാസത്തിൽ തുടർച്ചയായി 20 ദിവസത്തിലധികം പെട്രോളിനും ഡീസലിനും വില വർധിച്ചിരുന്നു.

ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില കുത്തിച്ച് ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ.