കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജൻ ബിജെപിയിലേക്ക് എന്ന വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭിന്നശേഷിക്കാരനായ എടവണ്ണ സ്വദേശി ചാത്തല്ലൂർ വലിയ പീടിയേക്കൽ കെ നൗഷാദിനെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ ‍ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നാലെ വിശദീകരണവുമായി പി ജയരാജൻ രം​ഗത്തെത്തിയിരുന്നു. വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിവാറും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജൻ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. സംഘപരിവാര്‍ അനുകൂല ടെലിവിഷൻ ചാനലിന്‍റെ ലോഗോ വച്ച പോസ്റ്ററുകൾ അടക്കം ഉപയോഗിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകളും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളിലുമാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.