രണ്ട് മണിയോടെ അഭിഭാഷകര്‍ക്കൊപ്പം ദിലീപ് എത്തി ദൃശ്യങ്ങൾ പരിശോധിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം പരിശോധന നീണ്ടു.  നാളെ വീണ്ടും കേസ് വിചാരണ കോടതി പരിഗണിക്കുന്നുണ്ട്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ പ്രതികളായ ദിലീപുൾപ്പെടെയുള്ളവർ അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ പരിശോധിച്ചു. കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ധനെയാണ് ദിലീപ് പരിശോധനക്ക് നിയോഗിച്ചത്. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ ആവശ്യം നിരസിച്ച കോടതി, അഭിഭാഷകനും സാങ്കേതിക വിദഗ്ധനും ഒപ്പം ദൃശ്യങ്ങല്‍ കാണാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ കേസിലെ അഞ്ച് പ്രതികളും സമാന ഹര്‍ജി നല്‍കി. എല്ലാവര്‍ക്കും ഒരുമിച്ച് കാണാമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. ഇതനുസരിച്ച് രാവിലെ പതിനൊന്നരയ്ക്ക് ദിലീപ് ഒഴികെയുള്ള പ്രതികള്‍ അഭിഭാഷകര്‍ക്കൊപ്പം ഹാജരായി.

കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധനൊപ്പമാണ് ദിലീപിന്‍റെ അഭിഭാഷകര്‍ എത്തിയത്. പ്രതികളും അഭിഭാഷകരും സാങ്കേതിക വിദഗ്ദരും ഉൾപ്പെടെ 16 പേരെ ദേഹപരിശോധനക്ക് ശേഷമാണ് കോടതി ഹാളിലേക്ക് കയറ്റിയത്. ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഉപകരണങ്ങൾ പ്രതികളുടെ കൈവശമില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാിയരുന്നു ഇത് .

12 മണി മുതല്‍ ഒരു മണി വരെ ഒരുമിച്ചിരുന്ന് എല്ലാവരും ദൃശ്യങ്ങള്‍ കണ്ടു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം തങ്ങള്‍ക്ക് വീണ്ടും ദൃശ്യങ്ങള്‍ കാണണമെന്ന് ദിലീപിന‍്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് മണിയോടെ അഭിഭാഷകര്‍ക്കൊപ്പം ദിലീപ് എത്തി ദൃശ്യങ്ങൾ പരിശോധിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം പരിശോധന നീണ്ടു. നാളെ വീണ്ടും കേസ് വിചാരണ കോടതി പരിഗണിക്കുന്നുണ്ട്.