Asianet News MalayalamAsianet News Malayalam

Actress Attack Case : 'വധ ഭീഷണി കേസ് കള്ളക്കഥ'; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍

വധഭീഷണി മുഴക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടൻ ദിലിപ് അടക്കം അഞ്ചുപേര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരിക്കുന്നത്. 

Dileep seeks anticipatory bail in death threat case against investigating officers
Author
Kochi, First Published Jan 10, 2022, 1:24 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വധഭീഷണി മുഴക്കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് (Dileep) ഹൈക്കോടതിയില്‍ (High Court). വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. വിസ്താരം നീട്ടികൊണ്ട് പോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനുമാണ് നീക്കമെന്നാണ് ദിലീപ് പറയുന്നത്.

വധഭീഷണി മുഴക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടൻ ദിലിപ് അടക്കം അഞ്ചുപേര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരിക്കുന്നത്. ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ് , സഹോദരീ ഭർത്താവ് സൂരജ്, അനൂപിന്‍റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേർത്തിട്ടുണ്ട്.

അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദ‍ർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്‍റെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓ‍ഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്.  ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അ‍ടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

നിലവിലെ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ ദിലീപിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യാൻ നിയമതടസമില്ല. ഗൂഡാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാൽ അറസ്റ്റും രേഖപ്പെടുത്താം. വരുന്ന 12 നാണ് വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഇതുകൂടി കിട്ടിയശേഷം ദിലീപിനെ വിളിച്ചുവരുത്താനായിരുന്നു കഴിഞ്ഞ ദിവസത്തെ അന്വേഷണ സംഘത്തിന്‍റെ യോഗത്തിലെ ധാരണ.


 

Follow Us:
Download App:
  • android
  • ios