നയതന്ത്ര സ്വർണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ എൻഐഎ മുംബൈയിൽ അറസ്റ്റ് ചെയ്തു
ദുബൈയിലായിരുന്ന പ്രതി മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു എൻഐഎ നടപടി

മുംബൈ: വിവാദമായ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. കണ്ണൂർ സ്വദേശി രതീഷിനെ എൻഐഎ ആണ് അറസ്റ്റ് ചെയ്തത്. ദുബൈയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. നയതന്ത്ര സ്വർണക്കടത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം കോയമ്പത്തൂരിലേക്ക് അടക്കം എത്തിച്ചിരുന്നത് രതീഷ് ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. രതീഷ് അടക്കം 6 പേരായിരുന്നു കേസിൽ ഇനിയും പിടിയിൽ ആകാനുണ്ടായിരുന്നത്. രതീഷിന്റെ അറസ്റ്റോടെ ഇത് അഞ്ചായി കുറഞ്ഞു. കേസിൽ 20 പേർക്കെതിരെ 2021 ൽ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.
2019 ലും 2020 ലും വിവിധ രാജ്യങ്ങളിൽ നിന്ന് നയതന്ത്ര ചാനൽ വഴി കേരളത്തിലേക്ക് സ്വർണം കടത്തിയെന്നാണ് കേസ്. രതീഷ് കേസിലെ മുഖ്യ പ്രതികളിൽ ഒരാളാണ്. കേസിലെ മറ്റൊരു പ്രതി ഹംസത് അബ്ദു സലാമിന്റെ കൂട്ടാളിയായിരുന്നു രതീഷെന്നാണ് എൻഐഎ വാർത്താക്കുറിപ്പിൽ പറഞ്ഞത്. കോയമ്പത്തൂരിൽ നന്ദകുമാർ എന്നയാൾക്ക് തിരുവനന്തപുരത്ത് നിന്ന് സ്വർണം എത്തിച്ച് കൊടുത്തത് രതീഷെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2020 ജൂലൈ അഞ്ചിനാണ് 30 കിലോഗ്രാം സ്വർണം പിടികൂടിയത്. 14.82 കോടി രൂപ മൂല്യം വരുന്നതായിരുന്നു ആ സ്വർണം. തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗത്തിൽ നിന്ന് കൊച്ചി കസ്റ്റംസ് വിഭാഗമാണ് ബാഗ് പിടികൂടിയത്. തിരുവനന്തപുരത്ത് നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് എത്തിയിരുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കിയ എൻ ഐ എ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും വ്യക്തമാക്കി.
Kerala Bumper Lottery Result | Thiruvonam Bumper | Asianet News | Asianet News Live