ശബ്ദം ദിലീപിന്‍റേതെന്ന് തെളിയിക്കാനുള്ള സംഭാഷണവും കൈമാറി. ഇത് തെളിയിക്കാൻ 20 ഓഡിയോ റെക്കോഡുകൾ കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ വിശദമായ തെളിവുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ദിലീപിൻ്റെ (Dileep) ഗൂഢാലോചന കേസില്‍ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ (Balachandra Kumar). ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകള്‍ കൈമാറി. ശബ്ദം ദിലീപിന്‍റേതെന്ന് തെളിയിക്കാന്‍ സഹായകരമായ സംഭാഷണവും കൈമാറി. ഇത് തെളിയിക്കാൻ 20 ഓഡിയോ റെക്കോഡുകൾ കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ വിശദമായ തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് വിവിധ ഇടങ്ങളിൽ വച്ച് പറഞ്ഞിരുന്നു. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. നടിയെ ആക്രമിച്ച ദൃശ്യം പകര്‍ത്തിയ പെന്‍ഡ്രൈവ് കൊണ്ടുകൊടുത്ത സാഗര്‍ പണം വാങ്ങിയാണ് കൂറുമാറിയത്. ഇതിന് ശേഷവും സാഗർ പണം ആവശ്യപ്പെട്ടു. ഇതിൻ്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 

ദിലീപുമായി നിർമ്മാതാവ് - സംവിധായകൻ എന്ന നിലയിലുള്ള സാമ്പത്തിക ഇടപാട് മാത്രമാണ് തനിക്കുണ്ടായിരുന്നത്. പരാതി നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങൾ നിമിത്തമാണ്. വെളിപ്പെടുത്തലിന് ശേഷവും ഭീഷണിയുണ്ട്. ദിലീപുമായി ബന്ധമുള്ള ഒരു നിർമ്മാതാവ് തൻ്റെ വീടും സ്ഥലവും അന്വേഷിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.