ഹൈബ്രിഡ് കഞ്ചാവുമായി  സംവിധായകര്‍ അറസ്റ്റിലായ സംഭവത്തിൽ സംവിധായകൻ സമീര്‍ താഹിറിനെ ചോദ്യം ചെയ്യുമെന്ന് എക്സൈസ്. സംവിധായകര്‍ കഞ്ചാവുമായി പിടിയിലായ ഫ്ലാറ്റ് സമീര്‍ താഹിറിന്‍റേതാണെന്നും എക്സൈസ്.

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് സംവിധായകൻ സമീര്‍ താഹിറിന്‍റെ ഫ്ലാറ്റിൽ നിന്നാണെന്ന് എക്സൈസ്. സമീര്‍ താഹിറിനെ ചോദ്യം ചെയ്യാൻ ഉടൻ വിളിപ്പിക്കുമെന്നും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്ക് ലഹരി ഉപയോഗിക്കാൻ അവസരമൊരുക്കിയ ഫ്ലാറ്റിന്‍റെ ഉടമയെന്ന നിലയിൽ സമീര്‍ താഹിറിനെ ചോദ്യം ചെയ്യുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടിഎം അജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സിനിമയിലെ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. ഇപ്പോഴത്തെ സംഭവത്തിൽ എക്സൈസ് കേസെടുക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അതിന് സര്‍ക്കാരിന്‍റെയും മന്ത്രിയുടെയും പൂര്‍ണ പിന്തുണയുണ്ട്. ഫ്ലാറ്റിന്‍റെ ഉടമ സമീര്‍ താഹിറാണ്. ലഹരി ഉപയോഗിക്കാൻ ഒരിടം കൊടുത്തിട്ടുണ്ടെങ്കിൽ ചോദ്യം ചെയ്തെ മതിയാകു. അന്വേഷണവുമായി മൂന്നു പേരും സഹകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.


ഫ്ലാറ്റിന്‍റെ ഉടമയും ഖാലിദ് റഹ്മാൻ അടക്കമുള്ളവരുടെ സുഹൃത്തുമായ സമീര്‍ താഹിര്‍ ഏതെങ്കിലും തരത്തിൽ ഇവര്‍ക്ക് സഹായം ചെയ്തുനൽകിയിട്ടുണ്ടോയെന്ന കാര്യമടക്കം എക്സൈസ് പരിശോധിക്കും. ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സിനിമ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സമീര്‍ താഹിര്‍. ബിഗ് ബി എന്ന സിനിമയുടെ ഛായാഗ്രാഹകനായാണ് സമീര്‍ താഹിര്‍ ശ്രദ്ധിക്കപ്പെടുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയുടെ സംവിധായകനാണ് സമീര്‍ താഹിര്‍.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും കഞ്ചാവിമായി പിടിയിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു.

കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്‍റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.

ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാന്‍റെ സിനിമകള്‍ വൻ വിജയം നേടിയിരുന്നു. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എക്സൈസിന്‍റെ നടപടി പ്രമുഖരിലേക്ക് നീളുന്നുവെന്നതാണ് ഇപ്പോഴത്തെ അറസ്റ്റിന്‍റെ പ്രധാന്യം. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തിൽ വിട്ടത്. 

ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും കഞ്ചാവ് എത്തിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചു, വിശദമായ അന്വേഷണമെന്ന് എക്സൈസ്

YouTube video player