ഇരുപത് രൂപയ്ക്ക് ഉച്ച ഊണ് നൽകുന്ന സുഭിക്ഷ ഹോട്ടലുകൾ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും അങ്കമാലി എംഎൽഎ റോജി എം ജോണാണ് വിലക്കയറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. 

സപ്ലൈകോയിൽ ചില സാധനങ്ങളുടെ ലഭ്യത കുറവ് നോട്ടീസിന് മറുപടി നൽകി കൊണ്ട് ഭക്ഷ്യമന്ത്രി ജി.ആ‍ർ.അനിൽ പറഞ്ഞു. കരാർ പ്രകാരം ലഭ്യമാക്കിയ ചില സാധനങ്ങളുടെ നിലവാരം മോശമായിരുന്നു. അതിനാൽ അവ ഒഴിവാക്കേണ്ടിവന്നു. പകരം സാധനങ്ങൾ ലഭ്യമാക്കുന്നതിന് 10 ദിവസം വരെ കാലതാമസം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അർഹരായവർക്കെല്ലാം മുൻഗണന കാർഡ് ഏപ്രിൽ 15ന് മുൻപ് വിതരണം ചെയ്യുമെന്നും ഇരുപത് രൂപയ്ക്ക് ഉച്ച ഊണ് നൽകുന്ന സുഭിക്ഷ ഹോട്ടലുകൾ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 

രാജ്യത്തെ ഇന്ധനവിലയിലുണ്ടായ വർദ്ധന വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. 2016-ലെ വിലയിൽ 13 സാധനങ്ങൾ സപ്ലെകോ നൽകുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ നൽകുന്നില്ല. 1851 കോടി രൂപ സബ്സിഡി ഇനങ്ങൾക്ക് നൽകിയിട്ടുണ്ട്. കിറ്റ് വിതരന്നത്തിലൂടെ 6000 കോടി ചെലവഴിച്ചു. കർഷക സമരം ഉത്പാദനത്തെ ബാധിച്ചത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ബാധിച്ചിട്ടുണ്ട്. ഇതിന് ആധാരമായ നിയമം കൊണ്ടുവന്നത് യുപിഎ സർക്കാരാണെന്നും വിപണി ഇടപെടൽ സർക്കാർ ഫലപ്രദമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പൊതുവിപണിയിൽ വലിയ വില വർധനയുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചെന്ന് റോജി എം ജോൺ ചൂണ്ടിക്കാട്ടി. ഉപ്പ് തൊട്ട് കർപ്പൂരം വരെ വിപണിയിൽ വില വർദ്ധനയുണ്ട്. ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിറ്റിക്സ് ഡിപാർട്മെന്റിന്റെ കണക്ക് ഇക്കാര്യം ശരിവയ്ക്കുന്നതാണെന്നും പൊതുവിപണിയെ സ‍ർക്കാർ നിയന്ത്രിക്കുന്നില്ലെന്നും റോജി എം ജോൺ ആരോപിച്ചു. സപ്ലൈകോയിൽ പല ഉത്പന്നങ്ങളും ലഭ്യമല്ല. 

സംസ്ഥാനത്തിന്റെ വിപണി ഇടപെടൽ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സ‍ർക്കാർ കൂടുതൽ ജാ​ഗ്രതയോടെ വിപണിയിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തെ തുട‍ർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്ക‍ർ അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപോകാതെ സഭാ നടപടികളുമായി സഹകരിച്ചു. +