തിരുവനന്തപുരം: പതിറ്റാണ്ടുകൾ പിന്നിടുന്ന ഓര്‍ത്ത്ഡോക്സ് യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാൻ നിര്‍ണ്ണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തിയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അനുനയ ചര്‍ച്ച നടന്നത്. കഴിഞ്ഞ നാൽപ്പത്തഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് സഭാ തര്‍ക്കത്തിൽ സംയുക്ത ചരര്‍ച്ചക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കളമൊരുങ്ങുന്നത്. 

സംയുക്ത ചര്‍ച്ചയെ ഇരുവിഭാഗവും തുറന്ന മനസ്സോടെയാണ് സ്വീകരിച്ചത്. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി നടത്തുന്നത് ആത്മാർത്ഥമായ ശ്രമങ്ങളാണെന്ന് ചര്‍ച്ചക്ക് ശേഷം യാക്കോബായ സഭ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സംഘർഷങ്ങൾ ഒഴിവാക്കുന്നതിനാണ് ഇപ്പോൾ ഊന്നൽ. 

അതേസമയം കോടതി വിധിയുടെ അടിസ്ഥാനത്തിലും സഭ ചട്ടക്കൂട്ടിലും പരിഹാരം വേണമെന്ന  അഭിപ്രായമാണ് ഓര്‍ത്ത്ഡോക്സ് വിഭാഗം പങ്കുവക്കുന്നത്. നിയമ വഴിക്കുള്ള തീര്‍പ്പും കോടതി വിധിയനുസരിച്ച പരിഹാരവുമാണ് വേണ്ടത്. ആദ്യശ്രമം എന്ന നിലയിൽ പരസ്പരം അഭിപ്രായം പങ്ക് വയ്ക്കാനുള്ള വേദിയായി. ചര്‍ച്ച തുടരുമെന്ന് ഇരുവിഭാഗങ്ങളും പ്രതികരിച്ചു. 

വര്‍ഷങ്ങളായി തുടരുന്ന സഭാ തര്‍ക്കം വലിയ സംഘര്‍ഷങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള സര്‍ക്കാര്‍ ഇടപെടൽ. മന്ത്രിതല സമിതിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്താൻ തീരുമാനിച്ചത്. ഇരു വിഭാഗങ്ങളുമായും പ്രത്യേകം പ്രത്യേകം ചര്‍ച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. അതിന് ശേഷമാണ് സഭാ പ്രതിനിധികളെ ഒരുമിച്ചിരുത്തി ചര്‍ച്ച . 

.