ചർച്ചയ്ക്ക് ഒടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ സംവാദം. പിസി വിഷ്ണുനാഥ് അടിയന്തര പ്രമേയാനുമതി തേടി നൽകിയ നോട്ടീസിൽ ചർച്ചയാവാം എന്ന് രാവിലെ മുഖ്യമന്ത്രി അറിയിച്ചതോടെയാണ് വിഷയത്തിൽ സഭയിൽ തുറന്ന സംവാദത്തിന് വഴിയൊരുങ്ങിയത്. വിവിധ കക്ഷിനേതാക്കളുടെ പ്രസംഗത്തിനൊടുവിൽ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും സംസാരിച്ചു. ഡിപിആർ രേഖകളുടെ അടിസ്ഥാനത്തിൽ കെ റെയിൽ കേരളത്തെ രണ്ടായി മുറിക്കുന്ന മതിലായി മാറുമെന്ന് വിഡി സതീശൻ വാദിച്ചെങ്കിലും അതു തെറ്റാണെന്നും സിൽവർ ലൈനിന് വശങ്ങളിൽ മതിലുകളുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ചയ്ക്ക് ഒടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
വി.ഡി.സതീശൻ -
സിൽവർ ലൈനിൻ്റെ ഇരകളാകുന്നത് കേരളം മുഴുവനാണ്. കെഎസ്ആർടിസിയുടെ സ്ഥിതി എന്താണ്. സ്വാഭാവിക മരണത്തിന് കെഎസ്ആർടിസിയെ വിട്ടു കൊടുത്താണ് വരേണ്യവർഗ്ഗത്തിനായി സിൽവർ ലൈൻ കൊണ്ടുവരുന്നത്. പൊതുഗതാഗതത്തെ മുഴുവൻ വിഴുങ്ങുന്നതാണ് കെ റെയിൽ പദ്ധതി. രണ്ട് ലക്ഷം കോടി വായ്പ എടുക്കാൻ പറ്റുന്ന അവസ്ഥയിലാണോ കേരളം. കുട്ടികൾക്ക് പാലും മുട്ടയും കൊടുക്കാൻ കഴിയാത്ത സർക്കാർ ആണിത്. കൊച്ചി മെട്രോയുടെ ഒരു ദിവസത്തെ നഷ്ടം ഒരു കോടി രൂപയാണ്.
സിൽവർ ലൈൻ പദ്ധതിയുടെ സുരക്ഷയ്ക്ക് വേലിയല്ല രണ്ട് വശം വലിയ മതിലാണ് എന്ന് ഡിപിആറിൽ വിശദീകരിക്കുന്നു. പശ്ചിമഘട്ട മലനിര മുഴുവൻ ഇടിച്ച് നിരത്തിയിലും പദ്ധതിക്ക് കല്ല് തികയില്ല. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിൽ വലിയതോതിൽ കൃത്രിമമവും ക്രമക്കേടും നടന്നിട്ടുണ്ട്. പ്രിലിമിനറി റിപ്പോർട്ടും ഡിപിആറും തമ്മിൽ വലിയ അന്തരമാണുള്ളത്. രണ്ട് മാസം കൊണ്ട് കണക്കുകളിൽ വലിയ കൃത്രിമം നടന്നു. ഡിപിആറിൽ പറയുന്ന രീതിയിൽ സിൽവർ ലൈൻ പാതയ്ക്ക് ഇരുപ്പുറവും സുരക്ഷാ മതിൽ കെട്ടിയാൽ കേരളത്തെ വിഭജിക്കുന്ന സാഹചര്യം രൂപപ്പെടും എന്ന് വ്യക്തമാണ്.
കാലാവസ്ഥ മാറ്റത്തിൻ്റെ കാലത്ത് ബദൽ ആലോചിക്കുമ്പോൾ നിങ്ങൾ കാലത്തിന് മുന്നിലല്ല പിറകിലാണ്. പദ്ധതിയെ എതിർത്താൽ രാജ്യദ്രോഹി കളാക്കുന്നവരാണ് ഏകാധിപതികളാക്കുന്നത്. സഭയിലെ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അധികാരമല്ല. പൗരപ്രമുഖരുമായി ഏകപക്ഷീയമായി സംഭാഷണം നടത്തുകയാണ് മുഖ്യമന്ത്രി. ഇവിടെ വേണ്ടത് തുറന്ന നിലയിലുള്ള സംവാദമാണ്. യുഡിഎഫ് സർക്കാർ നേരത്തെ ഈ പദ്ധതി ഉപദ്ദേശിച്ചത്. വളരെ ഉചിതമായ തീരുമാനമാണ്. യുപിഎ സർക്കാരാണ് ഭൂമി നഷ്ട്ടപ്പെട്ടപ്പെട്ടവർക്ക് അർഹമായ പണം നൽകാൻ നിയമം കൊണ്ടു വന്നത്. കേരളത്തെ ബനാന റിപബ്ലിക് ആക്കാൻ അനുവദിക്കില്ല.
മുഖ്യമന്ത്രിയുടെ മറുപടി -
അടിയന്തരപ്രമേയ ചർച്ച കൊണ്ട് ഇത്രയും ഗുണം ചെയ്യുമെന്ന് കരുതിയില്ല. പദ്ധതിക്കെതിരെ ഒന്നും കാര്യമായി പറയാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. പൗരപ്രമുഖരുമായി നടത്തിയ ചർച്ച ഒരു പതിവ് നടപടിക്രമമാണ്. 2016ൽ പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുൻപും ഇത് പോലെ യോഗം വിളിച്ചിരുന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തും വിവിധ സമയങ്ങളിൽ ഇങ്ങനെയുള്ള യോഗം നടന്നു. ഇതൊക്കെ ഈ സംവിധനത്തിൻ്റെ വേദിയാണ്. പദ്ധതി വേഗം പ്രാവർത്തികമാക്കാൻ വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നു. ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ധാരണപത്രം ഒപ്പിട്ടത് 2016 ജനുവരിയിലാണ്. അതിന് ശേഷം ഒരുഘട്ടത്തിലും പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല.
സിൽവർ ലൈൻ സർവ്വേയുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ ഭാഗത്ത് നിന്ന് അതിക്രമങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ സമരക്കാർ വലിയ നാശ നഷ്ട മുണ്ടാക്കി. യുഡിഎഫിന് എല്ലാ പ്രവർത്തകരെയും ഒരുമിച്ച് നിർത്താൻ കഴിയുന്നില്ല. നിർദിഷ്ട സിൽവർ ലൈൻ പാത 137 കിലോമീറ്റർ തുണുകളിലുടേയോ തുരങ്കങ്ങളിലുടെയോ കടന്ന് പോകും. ബാക്കി സ്ഥലങ്ങളിൽ 500 മീറ്റർ ഇടപെട്ട് പാലങ്ങളോ അടിപ്പാതകളോ നിർമ്മിക്കും. സിൽവർ ലൈൻ കേരളത്തെ രണ്ടായി മുറിക്കുമെന്ന വാദം തന്നെ തെറ്റാണ്. അഞ്ച് മീറ്ററിൽ താഴെയുള്ള മതിലുകളാണ് സ്ഥാപിക്കുന്നത്. ഇരുവശങ്ങളിലും വലിയ മതിലുകൾ സ്ഥാപിക്കുമെന്ന പ്രചാരണവും തെറ്റാണ്. ഇക്കാര്യത്തിൽ താൻ പറയുന്നതാണ് ശരിയായ കാര്യം.
സിൽവർ ലൈൻ പദ്ധതിക്കായി എടുക്കുന്ന വായ്പയുടെ തിരിച്ചടവിന് 40 വർഷം വരെ സമയമുണ്ട്. 40 വർഷം കൊണ്ട് സമ്പദ്ഘടന മുന്നോട്ട് പോകും. ഇത് മനസിലാക്കാതെയാണ് പ്രതിപക്ഷം വിമർശനം ഉയർത്തുന്നത്. വിദേശനാണ്യ നിരക്കിൽ 2 മുതൽ 1.5 % വരെയാണ് വായ്പയുടെ പലിശ. വാഹനങ്ങൾ പെരുകുന്നതിൻ്റെ അടിസ്ഥാനത്തിൽ റോഡ് നിർമ്മാണം തുടങ്ങിയാൽ കെ റെയിലിനേക്കാൾ കൂടുതൽ പാറയും മണലും വേണം. അതീവ ലോലപ്രദേശങ്ങളിലുടെ കെ റെയിൽ കടന്ന് പോകുന്നില്ല. ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയ ലോല പ്രദേശത്തുകൂടിയും പോകുന്നില്ല.പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന കടലുണ്ടിയിലും നിലവിലെ പാതക്ക് സമാന്തരമായാണ് പാത പോകുക.
നമ്മുടെ സംസ്ഥാനത്താകെ മതിലുകളുയരുന്നില്ല. പദ്ധതിയുടെ ആകെ ചെലവ് 64000 കോടി രൂപയാണ്. 9930 കെട്ടിടങ്ങളെയാണ് ബാധിക്കുന്നത്. സ്ഥലമേറ്റെടുപ്പിന് ഒരു ഹെക്ടറിന് 9 കോടിയാണ് നഷ്ട്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. കല്ല് പിഴുന്നത് വസ്തുത മറച്ച് വച്ചാണ്. പദ്ധതിയെ അനുകൂലിക്കാനുള്ള മനസ്സ് പ്രതിപക്ഷത്തിന് വേണം. പൊതുവായ ആവശ്യത്തിനൊപ്പം പ്രതിപക്ഷം നിൽക്കുന്നില്ല. ഗെയിൽ പൈപ്പ് ബോംബെന്ന് പറഞ്ഞു. കിഫ് ബി വന്നപ്പോൾ എവിടെ നിന്ന് പണം എന്ന് ചോദിച്ചു. എതിർപ്പ് കൊണ്ട് വികസനപദ്ധതികൾ നടപ്പാക്കാതിരിക്കില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പരിശോധിക്കും എന്നാൽ പൂർണ്ണമായും എതിർത്താൽ അത് അംഗീകരിക്കാൻ കഴിയില്ല. ഇത് ഭാവി തലമുറയ്ക്ക് വേണ്ടിയാണ് അതിനാൽ തന്നെ പദ്ധതി നടപ്പിലാക്കിയേ തീരൂ.
