പത്തനംതിട്ട: കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അടൂര്‍ പ്രകാശ് എംപി അതൃപ്തി പ്രകടമാക്കിയതോടെ പ്രശ്നം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് യുഡിഎഫ്. സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തിയുള്ളവരുമായി വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍ അടക്കമുള്ളവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

കാലങ്ങളായി തന്നെ വിജയിപ്പിച്ച കോന്നിയില്‍ പിന്‍ഗാമിയായി എത്തേണ്ടത് റോബിന്‍ പീറ്ററാണെന്ന അടൂര്‍ പ്രകാശിന്‍റെ നിര്‍ദ്ദേശത്തെ തള്ളി പി മോഹന്‍ രാജിന്‍റെ പേരാണ് പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുത്തത്. അടൂര്‍ പ്രകാശിന്‍റെ നിര്‍ദ്ദേശത്തെ പത്തനംതിട്ട ഡിസിസി എതിര്‍ക്കുകയായിരുന്നു.  ഡിസിസി നേതൃത്വത്തിന് പുറമേ കെപിസിസി സെക്രട്ടറി പഴകുളം മധുവും അടൂര്‍ പ്രകാശിന്‍റെ നീക്കങ്ങളെ എതിര്‍ത്തു രംഗത്തു വന്നിരുന്നു. 

കാര്യങ്ങള്‍ പരസ്യമായ പോരിലേക്ക് നീങ്ങിയതോടെ  പരസ്യപ്രസ്താവന പാടില്ലെന്ന് പാര്‍ട്ടിനേതൃത്വം നിര്‍ദ്ദേശിക്കുന്ന അവസ്ഥ വരെയുണ്ടായി. എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അവഗണിച്ച് സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അടൂര്‍ പ്രകാശ്. എന്നാല്‍, അന്തിമതീരുമാനം അടൂര്‍ പ്രകാശിനെതിരായി. ഡിസിസി മുമ്പോട്ടുവച്ച പി മോഹന്‍ രാജിന്‍റെ പേരാണ് പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുത്തത്. ഇതേത്തുടര്‍ന്നാണ് അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ് പ്രതികരിച്ചിരിക്കുന്നത്. 

റോബിന്‍ പീറ്ററിനെ തള്ളിയ നിലപാടില്‍ അതൃപ്തിയുണ്ടെന്ന് പറയുമ്പോഴും പാർട്ടിക്കകത്തെ പ്രാദേശിക എതിർപ്പുകളെ കുറിച്ച് ചർച്ചക്ക് താൽപര്യം ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത്  പാർട്ടി പറഞ്ഞത് അനുസരിച്ചാണ്.  വിജയിക്കും എന്ന് കരുതിയല്ല ആറ്റിങ്ങലിൽ മത്സരിച്ചത്. റോബിൻ പീറ്ററിനെതിരായ എസ്എൻഡിപിയുടെ എതിർപ്പിനെക്കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം പറയാം. പി മോഹൻ രാജ് പിന്തുണ അഭ്യർത്ഥിച്ച് തന്നെ കാണാനെത്തിയിരുന്നു. അദ്ദേഹം പിന്തുണ അഭ്യർത്ഥിച്ചത് നല്ല കാര്യമാണെന്നും  അടൂർ പ്രകാശ് പറഞ്ഞു.

Also Read: കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വം; അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ വിമതനാകുമോ?