Asianet News MalayalamAsianet News Malayalam

'ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോള്‍ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം

ഗൾഫിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഗൾഫിൽ ജോലിയുണ്ടായിരുന്ന സുനു നാട്ടിലെത്തി വെൽഡിങ് ജോലികൾ ചെയ്തുവരികയായിരുന്നു. നോവായി ദമ്പതികളുടെയും ഇരട്ടക്കുട്ടികളുടെയും കൂട്ടമരണം

disease and financial crisis affected says relatives of couple who killed themselves and twins in alappuzha SSM
Author
First Published Dec 1, 2023, 12:42 PM IST

കുട്ടനാട്: ആലപ്പുഴയിലെ ദമ്പതികളുടെയും ഇരട്ടക്കുട്ടികളുടെയും കൂട്ടമരണം നാടിനെയാകെ നൊമ്പരത്തിലാഴ്ത്തി. തലവടിയില്‍ സുനു - സൗമ്യ ദമ്പതികളാണ് മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. 

സൗമ്യയ്ക്ക് ക്യാൻസർ ബാധിച്ചതും സാമ്പത്തിക ബാധ്യതകളും കുടുംബത്തെ തളര്‍ത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗൾഫിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന സൗമ്യ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും ഗൾഫിലേക്ക് പോകാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് ബ്ലഡ് ക്യാൻസർ ആണെന്ന് അറിയുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന സുനു നാട്ടിലെത്തി വെൽഡിങ് ജോലികൾ ചെയ്തുവരികയായിരുന്നു. അതിനിടെ ഒരു അപകടത്തില്‍ പരിക്ക് പറ്റിയിരുന്നു. 

"ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു സൗമ്യ. ഒന്നര ആഴ്ച കൂടുമ്പോള്‍ രക്തം മാറ്റണം. ഇന്ന് ചെയിഞ്ച് ചെയ്യാന്‍ ആശുപത്രിയില്‍ പോകാനിരുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയും പറഞ്ഞു കേള്‍ക്കുന്നുണ്ട്"- പഞ്ചായത്തംഗം പറഞ്ഞു. 

രാവിലെ വീട് തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കൂട്ടമരണം പുറത്തറിഞ്ഞത്. സമീപത്താണ് സുനുവിന്‍റെ അമ്മയും താമസിക്കുന്നത്. എട്ട് മണിയായിട്ടും പുറത്ത് ആരെയും കാണാതിരുന്നതോടെ അമ്മ വന്നുനോക്കുകയായിരുന്നു. അപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ സൌമ്യയെയും സുനുവിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. അസുഖമായതിനാല്‍ ഇനി മുന്നോട്ടുപോവാന്‍ കഴിയില്ലെന്ന കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെടുത്തു. പൊലീസ്  സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Latest Videos
Follow Us:
Download App:
  • android
  • ios