Asianet News MalayalamAsianet News Malayalam

അനധികൃതസ്വത്ത് സമ്പാദനം: സിപിഎം നേതാവ് സക്കീർ ഹുസൈനെ പാർട്ടി പുറത്താക്കി

പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തൽ അടക്കം നിരവധി വിഷയങ്ങളിൽ ആരോപണവിധേയനാണ് കളമശ്ശേരി ഏരിയാ സെക്രട്ടറിയായ സക്കീർ ഹുസൈൻ. പാർട്ടി അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനെതിരെ നടപടി.

disproportionate assets case cpim leader sakeer hussain faces party action
Author
Kochi, First Published Jun 15, 2020, 8:28 PM IST

കൊച്ചി: അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് സക്കീർ ഹുസൈനെ പാർട്ടി പുറത്താക്കി. എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് പുറത്താക്കിയത്. കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു സക്കീർ ഹുസൈൻ. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ ആഭ്യന്തര അന്വേഷണസമിതി സക്കീർ ഹുസൈനെതിരെ അന്വേഷണം നടത്തിയിരുന്നു. 

ഈ സമിതി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനെ പുറത്താക്കിയത്. ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തൽ, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തൽ, ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാർക്ക് നേരെ തട്ടിക്കയറൽ ഇങ്ങനെ നിരവധി വിവാദങ്ങൾ നേരിടുകയും ആരോപണവിധേയനാവുകയും ചെയ്തയാളാണ് കളമശ്ശേരി ഏരിയാ സെക്രട്ടറി കൂടിയായ സക്കീർ ഹുസൈൻ.

പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം തുടരുകയാണ്. 

സക്കീർ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു പരാതി. ജില്ലാ കമ്മിറ്റിയാണ് സക്കീർ ഹുസൈനെതിരെ അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്. സി എം ദിനേശ് മണി, പി ആർ മുരളി എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല.

പരാതിയിൽ സക്കീർ ഹുസൈൻ പാർട്ടിക്ക് വിശദീകരണം നൽകുകയും ചെയ്തിരുന്നു. രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോൺ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമാണ് സക്കീർ ഹുസൈൻ പാർട്ടിക്ക് നൽകിയ വിശദീകരണം.

സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇതിന് മുമ്പ് സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം നടത്തിയത്.

Follow Us:
Download App:
  • android
  • ios