വയനാട്: ഷഹല ഷെറിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ ജഡ്‍ജ് ചെയർമാനായ വയനാട് ലീഗല്‍ സർവ്വീസ് അതോറിറ്റി തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് സമർപ്പിക്കും. ഹൈക്കോടതി നിർദ്ദേശ പ്രകാരം നേരത്തെ ജില്ലാ ജഡ്‍ജ് എ ഹാരിസും സംഘവും സ്‍കൂളും പരിസരവും സന്ദർശിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങള്‍ അടങ്ങുന്നതാണ് റിപ്പോർട്ട്. ഷഹല ഷെറിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്‍ജിയുടെ നിർദ്ദേശ പ്രകാരമാണ് ജില്ലാ ലീഗല്‍ സർവ്വീസ് അതോറിറ്റി ചെയർമാന്‍ കൂടിയായ ജില്ലാ ജഡ്‍ജ് എ ഹാരിസും ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി സെക്രട്ടറി കെ പി സുനിതയുമടങ്ങുന്ന സംഘം സ്‍കൂള്‍ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്. 

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ഹൈലവല്‍ മീറ്റിങ്ങിലുയർന്ന നിർദേശങ്ങളും സ്‍കൂളിലെ പ്രധാനാധ്യാപകനടക്കമുള്ളവരുടെ വിശദീകരണങ്ങളും റിപ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനും വിദ്യാർത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ റിപ്പോർട്ടില്‍ നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികള്‍ ജില്ലയിലെ സ്കൂളുകളില്‍ നടപ്പാക്കേണ്ടത് സംബന്ധിച്ച നിർദേശങ്ങള്‍കൂടി അടങ്ങുന്നതാണ് റിപ്പോർട്ട്. റിപ്പോർട്ട് പരിഗണിച്ച് ഹൈക്കോടതി ഇനി എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.