Asianet News MalayalamAsianet News Malayalam

പൊതുസമൂഹം അംഗീകരിക്കാത്ത കേസിന്‍റെ വക്കാലത്തെടുക്കരുത്; പാർട്ടി അംഗങ്ങളായ അഭിഭാഷക‍ർക്ക് സിപിഎമ്മിന്‍റെ കർശന നിർദ്ദേശം

വാളയാർകേസിന്റെ വിവാദങ്ങൾ അവസാനിക്കും മുമ്പേയാണ് പാ‍ർട്ടി അംഗങ്ങളായ അഭിഭാഷകർക്ക് വക്കാലത്ത് ഏറ്റെടുക്കുന്നതിൽ കർശന നിർദ്ദേശങ്ങൾ സിപിഎം ഏർപ്പെടുത്തുന്നത്. ബാലക്ഷേമ കമ്മീഷൻ മുൻ ചെയർമാനും, പാർട്ടി അംഗവുമായ എൻ രാജേഷ് വാളയാർ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായത് വലിയ ക്ഷീണം വരുത്തിയെന്നാണ് സിപിഎം വിലയിരുത്തൽ.

do not appear in cases against public conscience  cpm instruction to advocates with party membership
Author
Palakkad, First Published Nov 25, 2019, 6:41 AM IST

പാലക്കാട്: വാളയാര്‍ കേസ് വിവാദമായ പശ്ചാത്തലത്തിൽ, സിപിഎം അംഗങ്ങളായ അഭിഭാഷകർക്ക് കർശന നിയന്ത്രണവുമായി സിപിഎം. സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് പാർട്ടി അംഗങ്ങളായ അഭിഭാഷകർ ഏറ്റെടുക്കരുതെന്ന നിർദ്ദേശം സിപിഎം പാലക്കാട് ജില്ല കമ്മിറ്റി പുറപ്പെടുവിച്ചു.

വാളയാർകേസിന്റെ വിവാദങ്ങൾ അവസാനിക്കും മുമ്പേയാണ് പാ‍ർട്ടി അംഗങ്ങളായ അഭിഭാഷകർക്ക് വക്കാലത്ത് ഏറ്റെടുക്കുന്നതിൽ കർശന നിർദ്ദേശങ്ങൾ സിപിഎം ഏർപ്പെടുത്തുന്നത്. പൊതുസമൂഹം തളളിക്കളയുന്ന കേസ്സുകളുടെ വക്കാലത്തുകൾ ഏറ്റെടുക്കരുതെന്ന കർശന നിർദ്ദേശമാണ് സിപിഎം ജില്ല കമ്മിറ്റിയുടേത്.

ബാലക്ഷേമ കമ്മീഷൻ മുൻ ചെയർമാനും, പാർട്ടി അംഗവുമായ എൻ രാജേഷ് വാളയാർ കേസിലെ പ്രതിക്ക് വേണ്ടി ഹാജരായത് വലിയ ക്ഷീണം വരുത്തിയെന്നാണ് സിപിഎം വിലയിരുത്തൽ. ഈ പ്രവർത്തി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഒരുവിഭാഗം നേതാക്കൾ പറയുന്നു. മറ്റൊരു പോക്സോ കേസിലെ ഇരയെ, പ്രതികൾക്കൊപ്പം അയക്കണമെന്ന് സിഡബ്യൂസി ചെയർമാനായിരിക്കെ എൻ രാജേഷ് നിർബന്ധിച്ചെന്ന നിർഭയ കേന്ദ്രം അധികൃതരുടെ വെളിപ്പെടുത്തലും ഇതിനൊപ്പം പുറത്തുവന്നിരുന്നു. ഇതും വലിയ വിമർശനത്തിന് ഇടയാക്കിയെന്നും പാർട്ടി വിലയിരുത്തലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ല നേതൃയോഗത്തിലാണ് അഭിഭാഷകരേറ്റെടുക്കുന്ന കേസുകളുടെ കാര്യത്തിൽ നിയന്ത്രമേർപ്പെടുത്താൻ തീരുമാനിച്ചത്. വാളയാർ കേസിൽ വിവിധ പാർട്ടി ഘടകങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണ പരിപാടികൾ തുടങ്ങുന്നതിനൊപ്പമാണ് പുതിയ നിർദ്ദേശം. പാര്‍ട്ടി ബന്ധമില്ലാഞ്ഞിട്ടും ലത ജയരാജിനെ സര്‍ക്കാര്‍ രണ്ടാംതവണയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാക്കിയതിലും വലിയ വിമര്‍ശനം ഉയര്‍ന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വിനോദ് കൈനാട്ട്, അരവിന്ദാക്ഷന്‍ എന്നിവരുടെ കാലാവധി പുതുക്കി നല്‍കാതിരുന്നത് ജില്ലാകമ്മറ്റിയുടെ ഉറച്ച തീരുമാനപ്രകാരമാണെന്നും സൂചനകളുണ്ട്. 

Follow Us:
Download App:
  • android
  • ios