കളമശ്ശേരി: കൊവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് മരിച്ചത് വെന്‍റിലേറ്ററിന്‍റെ ട്യൂബ് മാറിക്കിടന്നതിനാൽ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടര്‍. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നെന്നും സത്യംപറഞ്ഞ നഴ്‍സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് നീതികേടെന്നും ഡോക്ടര്‍ നജ്‍മ പറയുന്നു. വെൻറിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ  ഉണ്ടായിട്ടുണ്ട്. ചില  നഴ്സിങ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നു. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്സിജന്‍ ലഭിച്ചില്ലെന്നും ഡോ.നജ്‍മ പറഞ്ഞു.

എന്നാല്‍ കൊവിഡ് ചികിത്സയിലായിരുന്ന ഹാരിസ് മരിച്ചത് വെന്‍റിലേറ്ററിന്‍റെ ട്യൂബ് മാറിക്കിടന്നതിനാൽ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധമാണെന്ന് കളമശ്ശേരി മെഡിക്കൽ കേളേജ് അധികൃതർ പറഞ്ഞു. ഹാരിസിന് നൽകിയിരുന്ന ശ്വസന സഹായിയുടെ ട്യൂബ് ഊരിപ്പോകുന്നതല്ലെന്നും മെഡിക്കൽ കോളജ് അധികൃതര്‍ പറയുന്നു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.