കോഴിക്കോട്: രക്തദാനത്തിന് ആഹ്വാനം ചെയ്യുന്ന ഡോക്ടർമാർക്കിടയില്‍ സ്വയം രക്തദാനം ചെയ്ത് മാതൃകയായി ഒരു ഡോക്ടര്‍. കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ വി പി ശശിധരൻ ഇതുവരെ 60 തവണയാണ് രക്തംദാനം ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസിന് പഠിക്കുന്പോൾ കടലൂണ്ടി സ്വദേശിയായ ഒരാൾക്ക് ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയാണ് 
ശശിധരൻ ആദ്യമായി രക്തം നൽകിയത്.

പിന്നീട് സഹപ്രവർത്തകർക്ക് ഒപ്പം ചേർന്ന് കേരള ബ്ലഡ് ഡോണേഴ്സ് ഫോറം രൂപീകരിച്ചു. 1988 മുതൽ സജീവ രക്തദാനം ചെയ്താണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്. 2017ൽ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചിട്ടും രക്തദാന പ്രവർത്തനത്തിന് മുടക്കം വന്നിട്ടില്ല. 60 വയസ് ആകുന്നതിന് മുന്പ് വരെ എല്ലാ വർഷവും ജനുവരി ഒന്നിന് ശശിധരൻ ഡോക്ടർ മുടങ്ങാതെ രക്തം നൽകിയിരുന്നു.

പ്രായം തടസമായപ്പോൾ സംഘാടകനായി പ്രവര്‍ത്തനം തുടര്‍ന്നു. ക്യാൻസർ രോഗികൾക്കടക്കം ആശ്വാസമാകുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. മരണശേഷം തന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്കായി മാറ്റിവെച്ചിരിക്കുകയാണ് ശശിധരന്‍ ഡോക്ടര്‍.