മലപ്പുറം: സുഹൃത്തുക്കളായ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ അഞ്ചംഗസംഘം അറസ്റ്റില്‍. സുഹൃത്തുക്കളായ ഡോക്ടര്‍മാരെയാണ് അഞ്ചംഗസംഘം സദാചാര പൊലീസ് തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. വനിതാ ഡോക്ടറുടേയും സുഹൃത്തിന്‍റേയും കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്തത് കൂടാതെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് അതില്‍ നിന്നും പിന്നീട് പ്രതികള്‍ പണം കവര്‍ന്നു. 

സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശികളായ അ‍ഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നബീൽ, ജുബൈസ്,  മുഹ്സിൻ , അബ്ദുൽ ഗഫൂർ, സതീഷ് കുമാർ എന്നീ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറേയും സുഹൃത്തിനേയും തടഞ്ഞു നിര്‍ത്തിയ അഞ്ചംഗസംഘം ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഇവരുടെ കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും അക്രമിസംഘം പിടിച്ചു വാങ്ങി. തുടര്‍ന്ന് എടിഎം കാര്‍ഡ് കൈവശപ്പെടുത്തിയ സംഘം പിന്‍നമ്പര്‍ കൂടി ചോദിച്ചു മനസിലാക്കി മൂന്ന് തവണയായി 15000 രൂപയും പിന്‍വലിച്ചു. രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തില്‍ ഇന്ന് രാവിലെയാണ് മൂന്ന് പ്രതികളേയും പൊലീസ് പിടികൂടിയത്. ആക്രമണത്തിനിരയായ വനിത ഡോക്ടറും സുഹൃത്തും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കൊളത്തൂരിനടുത്ത് എരുമത്തടത്താണ് സംഭവം നടന്നത്.