നെടുമ്പാശ്ശേരി: നായയെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടി ഓടിച്ച് ടാക്സി ഡ്രൈവറുടെ ക്രൂരത. അഖിൽ എന്ന യുവാവ്  മൊബൈലിൽ പകർത്തിയ കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയ ടാക്സി ഡ്രൈവർക്കെതിരെ പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. 

നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്ക എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖിൽ എന്ന യുവാവാണ് ഈ ദൃശ്യം പകർത്തിയത്. അത്താണിയിലൂടെ സഞ്ചാരിക്കുന്നതിനിടെയാണ് ഒരു നായയെ കാറിൽ കെട്ടിവലച്ചു കൊണ്ടു പോകുന്ന അഖിലിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. സംഭവം മൊബൈൽ പകർത്തിയ യുവാവ് ഇടപെട്ട് കാർ നിർത്തിയെങ്കിലും കാർ ഡ്രൈവർ അഖിലിനോട് കയർത്തു സംസാരിച്ചു. എന്നാൽ കൊടും ക്രൂരത ചോദ്യം ചെയ്തുള്ള നിലപാടിൽ അഖിൽ ഉറച്ചു നിന്നതോടെ ഇയാൾ നായയെ അവിടെ ഉപേക്ഷിച്ചു പോയി.

ഏതാണ്ട് അറുന്നൂറ് മീറ്ററോളം നായയെ കാറിൽ കെട്ടിവലിച്ചു കൊണ്ടു പോയി എന്നാണ് അഖിൽ പറയുന്നത്. സംഭവത്തിൽ അഖിൽ മൃഗസംരക്ഷണവകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. കാർ ഡ്രൈവർ കയറൂരി വിട്ടപ്പോൾ വിരണ്ടോടിയ നായയെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഒരുപാട് ദൂരം ഓടിയ നായ പിന്നീട് തളർന്ന് നിലത്തു വീണെങ്കിലും പിന്നെയും കാറിൽ കെട്ടിവലിച്ചു കൊണ്ടു പോയിട്ടുണ്ട്. അതിനാൽ സാരമായ പരിക്ക് നായക്കേറ്റെന്നാണ് അഖിൽ പറയുന്നത്. കുന്നുകര സ്വദേശി യൂസഫ് എന്നയാളുടെ പേരിലുള്ളതാണ് വാഹനം. ഇയാൾ ഒളിവിൽ പോയെന്നാണ് സൂചന. 

മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി... നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിൻ്റെ പിറകിൽ ജീവനുള്ള നായയെ...

Posted by Resmitha Ramachandran on Friday, 11 December 2020