കൊച്ചി: വിദേശ കറൻസി കടത്തുകേസിൽ ബന്ധമുള്ള യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം.  മന്ത്രാലയം എംബസിക്ക് അയച്ച കത്തിന്റെ പകർപ്പ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. സ്വർണക്കളളക്കടക്കുകേസിലും ലൈഫ് മിഷൻ ഇടപാടിലും ലഭിച്ച കമ്മീഷൻ തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിൽ യുഎഇ കോൺസുലേറ്റിൽ അക്കൌണ്ടന്റായി ജോലി ചെയ്ത ഖാലിദിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇയാളെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. 

എന്നാൽ  കോൺസുലേറ്റ് ജീവനക്കാരനായതിനാൽ ഇയാൾക്ക് നയതന്ത്ര പരിരക്ഷ ബാധകമല്ലേയെന്ന സംശയം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.  തുടർന്നാണ് ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തത നൽകിയത്. ഖാലിദിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് ഇന്‍റർപോൾ വഴി രാജ്യത്തെത്തിക്കണമെന്നാണ് കസ്റ്റംസിന്‍റ ആവശ്യം. ഖാലിദിന് ഇന്ത്യയിലെ നിയമങ്ങൾ ബാധകമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കത്ത് കസ്റ്റംസ്‌ കോടതിക്ക് കൈമാറി.