പാലക്കാട്: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഭൂഗർഭ ജല നിരപ്പ് കുറയുന്നു. കാസർകോടും പാലക്കാടുമാണ് രണ്ട് മീറ്ററോളം ജലനിരപ്പ് താഴ്ന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയെക്കാളും താഴെയാണ് ഭൂഗർഭ ജലവിതാനം കുറഞ്ഞിരിക്കുന്നത്. 75 സെൻറിമീറ്റർ മുതൽ രണ്ട് മീറ്റർ വരെയാണ് കുറവ്. 

ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കുറവ് കാസർക്കോട് ബ്ലോക്കിലും പാലക്കാട് മലമ്പുഴ ബ്ലോക്കിലുമാണ്. എല്ലാ വർഷവും ഇവിടങ്ങളിൽ ജല വിതാനം താഴാറുണ്ട്. ഇത്തവണ രണ്ടിടത്തും വേനൽ തുടങ്ങിയപ്പോൾ തന്നെ രണ്ട് മീറ്റർ ജലവിതാനം താഴ്ന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ രണ്ട് മീറ്ററിനടുത്ത് ജലവിതാനം കുറഞ്ഞു. 

നിയന്ത്രണങ്ങൾ ലംഘിച്ച് പലയിടങ്ങളിലും നടക്കുന്ന ജല ചൂഷണം അടിയന്തിരമായി തടയണമെന്ന് ഭൂഗർഭ ജലവകുപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ പക്ഷെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ഭൂഗർഭജല വകുപ്പിന്‍റെ 756 വട്ടർ ഒബ്‍സർവേറ്ററികളിൽ നിന്ന് ഫെബ്രുവരിയിൽ കിട്ടിയ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നത്.