''കോട്ടൊക്കെയിട്ടാണ് അദ്ദേഹം ക്വിസ് അവതരിപ്പിക്കാൻ ഇരിക്കുന്നത്. അന്നത്തെക്കാലത്ത് നമ്മൾ ടിവി ഓൺ ചെയ്യുന്ന സമയത്ത്, ഇങ്ങനെ ഒരാൾ ഒരു മലയാളി, വളരെ മനോഹരമായി ഇംഗ്ലീഷും ഒപ്പം മലയാളവും സംസാരിക്കുന്നത് കാണുമ്പോൾ നമ്മളെ സംബന്ധിച്ച് വലിയ സന്തോഷമാണ്''
ഇന്നലെ രാത്രി എട്ട് മണിക്ക് കൂടി ഞാൻ അദ്ദേഹത്തോട് സംസാരിച്ചതാണ്. അദ്ദേഹം എന്റെ ഗുരുവായിരുന്നു, സഹപ്രവർത്തകനായിരുന്നു, എന്റെ പപ്പയുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു. മാർ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും പ്രശസ്ത ക്വിസ് മാസ്റ്ററുമായിരുന്ന ഡോ. എബ്രഹാം ജോസഫിന്റെ വിയോഗം ഇപ്പോഴും അംഗീകരിക്കാനായിട്ടില്ല മാർ ഇവാനിയോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷെർളി സ്റ്റുവർട്ടിന്.
90-കളിലെ ദൂരദർശൻ കാലത്ത് ക്വിസ് പ്രോഗ്രാമുകളെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് എബ്രഹാം ജോസഫ് എന്ന അധ്യാപകനായിരുന്നു. വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ക്വിസ് പ്രോഗ്രാമിനെ ഒരു വിനോദോപാധിയാക്കി, പ്രേക്ഷകരെ സൃഷ്ടിക്കാൻ എബ്രഹാം ജോസഫിന് സാധിച്ചു. അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തും വിദ്യാർത്ഥിയും സഹപ്രവർത്തകയുമായിരുന്ന, മാർ ഇവാനിയോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഷേർളി സ്റ്റുവർട്ട് പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ച് പറയുന്നു.
മാർ ഇവാനിയോസ് കോളേജിൽ തന്നെ, എന്റെ കുട്ടിക്കാലം മുതൽ ഒരു ഹീറോ വർഷിപ് ഉള്ള ഒരു വ്യക്തിയായിരുന്നു എബ്രഹാം മാത്യു സർ. വിഷ്വല്‍ മീഡിയ ആരംഭിച്ച കാലം മുതൽ നമ്മൾ കാണുന്ന ഒരു മുഖമായിരുന്നു അദ്ദേഹത്തിന്റേത്. നിരവധി കാര്യങ്ങളിൽ എന്റെ റോൾ മോഡലായിരുന്നു അദ്ദേഹം. എന്റെ ഫാദർ അദ്ദേഹത്തിന്റെ റോൾ മോഡലായിരുന്നു എന്ന് സാർ എപ്പോഴും പറയുമായിരുന്നു. മാർ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്നു എന്റെ പപ്പ പ്രൊഫസർ ജയിംസ് സ്റ്റുവർട്ട്.
അതിന് ശേഷം സാർ പപ്പയുടെ സഹപ്രവർത്തകനായി, അത് കഴിഞ്ഞ് എന്റെ അധ്യാപകനായിരുന്നു. പിന്നീട് എന്റെ സഹപ്രവർത്തകനായി. സാർ റിട്ടയർ ചെയ്യുന്ന സമയത്ത് ഞാനവിടെ അധ്യാപികയായി. സാർ റിട്ടയർ ചെയ്ത് ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവിയായി, പിന്നീടാണ് വൈസ് പ്രിൻസിപ്പലാകുന്നത്. ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾ, ഞാൻ അച്ചാച്ചാ എന്ന് വിളിക്കുന്ന, എന്റെ മൂത്ത സഹോദരനാണ്. ആ കുടുംബവുമായിട്ടും അതുപോലെ ഒരു ബന്ധമാണ് എനിക്കുണ്ടായിരുന്നത്.

വളരെ നർമ്മബോധമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. വളരെ സാധാരണമായ കാര്യങ്ങളെ പോലും നർമ്മരസം കലർന്ന രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മാര്‍ ഇവാനിയോസ് കോളേജിനോടും ആ ക്യാംപസിനോടും തീർത്താൽ തീരാത്ത ഒരു സ്നേഹം മനസ്സിൽ സൂക്ഷിച്ചിരുന്ന മനുഷ്യനായിരുന്നു. അവിടെ തന്നെ പഠിച്ച്, അവിടെ മാഗസിന്‍ എഡിറ്ററായി, പിന്നെ ചെയർമാനായി, പഠിച്ചിറങ്ങിയ ഉടനെ അധ്യാപകനായി. 2018ലാണ് അദ്ദേഹം റിട്ടയറാകുന്നത്. 30 വർഷക്കാലം അധ്യാപകനായി അദ്ദേഹം ചെലവഴിച്ച സ്ഥലം മാർ ഇവാനിയോസ് കോളേജാണ്. വിദ്യാർത്ഥിയായും അധ്യാപകനായും അദ്ദേഹം അവിടെതന്നെയുണ്ടായിരുന്നു.
അതേ സ്നേഹം വിദ്യാർത്ഥികൾക്കും പകർന്നു നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ക്ലാസുകളിലൊക്കെ ധാരാളം ഫിലോസഫി പറയും. ലിറ്ററേച്ചർ പഠിപ്പിക്കുന്ന സമയത്തൊക്കെ, ടെക്സ്റ്റല്ല, മറിച്ച് അദ്ദേഹം അതിലൂടെ ഒരുപാട് ജീവിതമാണ് ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങളെ സംബന്ധിച്ച് ജസ്റ്റ് എ ഫോൺ കോൾ എവേ ആയിരുന്നു അദ്ദേഹം. എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു എനിക്ക്. അതുപോലെ എല്ലാക്കാര്യങ്ങളും വളരെ സിസ്റ്റമാറ്റിക് ആയി അറേഞ്ച് ചെയ്ത് വെക്കുന്ന സ്വഭാവമായിരുന്നു.
മലയാളത്തിൽ അതിമനോഹരമായ വാക്കുകൾ ഉപയോഗിക്കുന്ന, എഴുത്തുകാരനും വാഗ്മിയുമായിരുന്നു അദ്ദേഹം. വിജ്ഞാനത്തിന് വേണ്ടി മാത്രം ആയിരുന്നില്ല അദ്ദേഹത്തിന്‍റെ ക്വിസ് പ്രോഗ്രാമുകൾ. ക്വിസ് പ്രോഗ്രാം ഒരു വിനോദോപാധി കൂടി ആക്കി മാറ്റാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ഓണക്കൂർ സാറിന്റെ ഒരു പുസ്തകം അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. അതുപോലെ കുട്ടികൾക്ക് വേണ്ടി ഒരു ബുക്ക് സീരിസ് അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.
കോട്ടൊക്കെയിട്ടാണ് അദ്ദേഹം ക്വിസ് അവതരിപ്പിക്കാൻ ഇരിക്കുന്നത്. അന്നത്തെക്കാലത്ത് നമ്മൾ ടിവി ഓൺ ചെയ്യുന്ന സമയത്ത്, ഇങ്ങനെ ഒരാൾ ഒരു മലയാളി, വളരെ മനോഹരമായി ഇംഗ്ലീഷും ഒപ്പം മലയാളവും സംസാരിക്കുന്നത് കാണുമ്പോൾ നമ്മളെ സംബന്ധിച്ച് വലിയ സന്തോഷമാണ്. കുട്ടിക്കാലം മുതൽ ഞാൻ കണ്ടുവരുന്ന , ഇന്നലെ രാത്രി വരെ എന്റെ ഏറ്റവും അടുത്ത വ്യക്തിയായിരുന്ന ഒരാൾ... അധ്യാപകനും ഗുരുവും സുഹൃത്തും സഹോദരനും എല്ലാമായിരുന്ന ആൾ. അതാണ് എന്നെ സംബന്ധിച്ച് എബ്രഹാം ജോസഫ് സർ. ഒരു കുഞ്ഞനിയത്തിയോടുള്ള സ്നേഹമായിരുന്നു എന്നോട്.

കോളേജ് പഠനകാലത്ത് അദ്ദേഹത്തിന്റെ ധാരാളം ക്വിസ് മത്സരങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഞാൻ ഇവാനിയോസിൽ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന സമയത്ത് അദ്ദേഹം എന്റെ അധ്യാപകനായിരുന്നു, 1986ൽ. ക്വിസ് പ്രോഗ്രാമുകളിൽ അദ്ദേഹത്തെ അഗ്രഗണ്യൻ എന്ന് വിശേഷിപ്പിക്കാം. യുവർ ടൈം സ്റ്റാർട്ട് നൗ എന്നൊരു ക്വിസ് ബുക്കുണ്ട് അദ്ദേഹത്തിന്റേതായി. ക്വിസിനെക്കുറിച്ച് വളരെ സിസ്റ്റമാറ്റിക് ആയി അദ്ദേഹം എഴുതിയിട്ടുള്ളത് അതിലാണ്. വിദ്യാർത്ഥിയായിരുന്ന സമയത്ത്, ഏത് ക്വിസ് മത്സരത്തിന് പോയാലും അദ്ദേഹം വിജയിച്ചു വരുന്നത് കൊണ്ട് അദ്ദേഹം അറിയപ്പെട്ടിരുന്നത് ബ്രെയിൻ ഓഫ് കേരള എന്നായിരുന്നു.
ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് ക്വിസ് മാസ്റ്ററാകുന്നത്. വാങ്ങിച്ച ട്രോഫികൾക്ക് കണക്കില്ല. ധാരാളം ട്രോഫികളുമായി അദ്ദേഹം ഇരിക്കുന്ന ഒരു ചിത്രമുണ്ട്. അധ്യാപകനായി ജീവിതം ആരംഭിച്ച അന്നു മുതൽ അദ്ദേഹം ക്വിസ് മാസ്റ്റർ കൂടിയായി. 1986 കാലം മുതൽ ക്വിസ് മാസ്റ്റർ ആയിട്ടുണ്ടാകും. എല്ലാക്കാര്യങ്ങളെക്കുറിച്ചു വളരെ ആഴത്തിൽ അറിവുള്ള, ഏത് കാര്യത്തെക്കുറിച്ചും സംസാരിക്കാൻ കഴിവുള്ള ഒരു അധ്യാപകനും മനുഷ്യനുമായിരുന്നു അദ്ദേഹം. ദൂരദർശനിൽ, ക്വിസ് എന്ന് കേട്ടിട്ടു പോലുമില്ലാത്ത കാലത്ത് ഇതിന് സ്കോപ്പുണ്ടെന്നും ഏത് രീതിയിൽ അവതരിപ്പിക്കാമെന്നും അറിഞ്ഞ വ്യക്തിയാണ്. ഒരു കാലഘട്ടത്തിന് വിജ്ഞാനം പകർന്നുകൊടുത്ത ഒരു അധ്യാപകൻ. ഒരു ക്വിസ് മാസ്റ്റർ എന്ന തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ആ സമയത്തൊക്കെ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ക്വിസ് മത്സരങ്ങൾക്കൊക്കെ ക്വിസ് നടത്തിയിരുന്നത് അദ്ദേഹമാണ്. അക്കാലത്ത് ക്വിസ് മാസ്റ്റർ എന്ന് പറഞ്ഞാൽ അദ്ദേഹമേ ഉള്ളൂ.
ചരിത്രവും ശാസ്ത്രവും സാഹിത്യവും ഉൾപ്പെട്ട അതീവ രസകരമായ ചോദ്യങ്ങളുടെ വൈവിധ്യപൂർണമായ ഒരു കളക്ഷൻ ഡോ. എബ്രഹാമിന് ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായ സാജന്‍ ഗോപാലന്‍ ഓര്‍മ്മിക്കുന്നു.കോളേജ് കാമ്പസുകളിലെ സമർത്ഥരായ ധാരാളം വിദ്യാർഥികൾ ദൂരദർശനിലെത്തി ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
