Asianet News MalayalamAsianet News Malayalam

തൃക്കാക്കര നഗരസഭ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ; ചെയര്‍പേഴ്സനെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റി

സീല്‍ ചെയ്ത ഓഫീസ് ക്യാബിനിൽ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കയറിതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. പ്രതിപക്ഷം ക്യാബിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

dramatic scenes in thrikkakara municipality after chairperson opened sealed office
Author
Kochi, First Published Sep 1, 2021, 5:37 PM IST

കൊച്ചി: ഓണ പണക്കിഴി വിവാദത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃക്കാക്കര നഗരസഭ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. ചെയര്‍പേഴ്സനെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റി. പ്രതിഷേധക്കാരും പൊലീസുമായി വാക്ക് തർക്കം ഉണ്ടായതിന് പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് നടപടിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഎം നടത്തിയ പ്രതിഷേധവും തർക്കത്തില്‍ കലാശിച്ചു. യുഡിഎഫ് കൺസിലർമാർ സ്ത്രീകളെ ഉൾപ്പെടെ അക്രമിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു.

സീല്‍ ചെയ്ത ഓഫീസ് ക്യാബിനിൽ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കയറിതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച ക്യാബിൻ സ്വന്തം താക്കോൽ ഉപയോഗിച്ച് തുറന്ന് കയറിയ അജിത ഫയലുകൾ പരിശോധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ക്യാബിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഓഫീസിൽ അതിക്രമിച്ചു കയറിയതിനെതിരെ പൊലീസ് നടപടി എടുക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. രണ്ട് മണിയോടെയാണ് സമരം തുടങ്ങിയത്. രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ പൊലീസ് എത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.

പണക്കിഴി വിവാദം തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്സന്‍റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.

പണക്കിഴി വിവാദത്തിൽ അന്വേഷണത്തിനായി വിജിലൻലസ് സംഘം നഗരസഭ ഓഫീസിലെത്തി ചെയർപേഴ്സന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം അന്ന് പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകി അധ്യക്ഷയുടെ ഓഫീസ് മുറി സീൽ ചെയ്യിച്ചത്. പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദ്ദേശം.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios