തൃശ്ശൂരിൽ പരിക്കേറ്റ ചൂണ്ടുവിരലിന്റെ പേരിൽ അക്ഷയ എന്ന യുവതിക്ക് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിച്ചു. 5 മണിക്കൂർ നീണ്ട നാടകീയ സംഭവങ്ങൾക്കും രാഷ്ട്രീയ ഇടപെടലുകൾക്കും ഒടുവിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രത്യേക ഉത്തരവോടെ യുവതി വോട്ട് രേഖപ്പെടുത്തി

തൃശൂർ: തൃശ്ശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ അക്ഷയ എന്ന പെൺകുട്ടിയെ റിട്ടേണിംഗ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഉണ്ടായത് വലിയ നാടകീയ സംഭവങ്ങൾ. പരിക്കേറ്റ ചൂണ്ടുവിരലിൽ മഷി പുരട്ടാൻ കഴിയില്ല എന്ന കാരണം പറഞ്ഞാണ് വോട്ട് നിഷേധിക്കാൻ ശ്രമിച്ചത്. കൂർക്കഞ്ചേരി സ്വദേശി അക്ഷയ ഒരു മണി മുതൽ വോട്ട് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. മിക്സിയിൽ കൈ കുടുങ്ങിയാണ് അക്ഷയയുടെ വിരലിന് മുറിവേറ്റത്. 2 വയസുള്ള കുട്ടിക്കൊപ്പമാണ് 15 തുന്നലുള്ള വിരലിൽ ശസ്ത്രക്രിയയുടെ കെട്ടുമായി അക്ഷയ, ജനാധിപത്യ അവകാശം നിർവഹിക്കാനെത്തിയത്. മണിക്കൂറുകളായി ബൂത്തിൽ ഇരിക്കുന്ന കുട്ടിയെ കണ്ട എൽ ഡി എഫ് പ്രവർത്തകർ കാര്യം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ മുൻ എം എൽ എ വി എസ് സുനിൽകുമാറും സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെ വലിയ വാർത്തയായി. ഇതിനൊപ്പം ആശയക്കുഴപ്പവും സജീവമായി. കൈക്ക് പരിക്ക് പറ്റിയാൽ എന്ത് ചെയ്യണമെന്നതിൽ കൃത്യമായ പ്രോട്ടോക്കോൾ ഉണ്ടെന്നിരിക്കേയാണ് റിട്ടേണിംഗ് ഓഫീസറുടെ ഈ നടപടി. റിട്ടേണിങ് ഓഫീസറും ജില്ലാ കളക്ടറും വിളിച്ചിട്ടും പ്രിസൈഡിങ് ഓഫീസര്‍ വഴങ്ങിയില്ല. നാടകീയ രംഗങ്ങൾ പിന്നെയും തുടർന്നു. പെൺകുട്ടിയുടെ മുറിവ് തുറന്നുകാണണം എന്ന നിലപാട് കൂടി പ്രിസൈഡിങ് ഓഫീസർ സ്വീകരിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഇതിനിടെ അക്ഷയ വീട്ടിൽ പോയി മെഡിക്കൽ രേഖകൾ കാട്ടിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ ഡി എം ഒ, ഡോക്ടറെ ബൂത്തിലേക്കയച്ചു. എ ഡി എമ്മും സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. 6 മണി കഴിഞ്ഞിട്ടും പ്രിസൈഡിങ് ഓഫീസര്‍ വഴഞ്ഞാത്തതിനെത്തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രത്യക ഉത്തരവ് ഇറക്കിയതോടെയാണ് അക്ഷയക്ക് വോട്ട് ചെയ്യാനായത്. ഒടുവിൽ ആറേകാലോടെ അക്ഷയ വോട്ട് ചെയ്തിറങ്ങുമ്പോള്‍ ഹര്‍ഷാരവങ്ങളോടെയാണ് ഇടത് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രിസൈഡിംഗ് ഓഫീസ‍ർക്കെതിരെ നിയമ പോരാട്ടത്തിലേക്ക് എൽ ഡി എഫ് കടന്നുകഴിഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അത്യന്തം നാടകീയം 5 മണിക്കൂർ

നാല് ദിവസം മുമ്പ് മിക്സിയില്‍ കൈകുടുങ്ങിയാണ് അക്ഷയയുടെ ചൂണ്ടു വിരലിന് പരിക്കേറ്റത്. പതിനഞ്ച് തുന്നലുമായി വോട്ടു ചെയ്യാനെത്തിയപ്പോള്‍ മഷി പുരട്ടാനാവാത്തതിനാല്‍ വോട്ടു ചെയ്യിക്കാനാവില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ തറപ്പിച്ചുപറഞ്ഞു. വീട്ടില്‍ മടങ്ങിയെത്തി മെഡിക്കല്‍ രേഖകളുമായി എത്തിയിട്ടും വോട്ടവകാശം നിഷേധിച്ചു. കൈക്കുഞ്ചും അച്ഛനുമായി പുറത്തെ ബഞ്ചിലിരിക്കുന്ന പെണ്‍കുട്ടിയോട് ഇടതു മുന്നണി പ്രവര്‍ത്തകര്‍ വിവരം തിരക്കി. വി എസ് സുനില്‍കുമാറും അനൂപ് ഡേവിസ് കാടയും ഉള്‍പ്പടെയുള്ള നേതാക്കളെത്തി ചോദ്യം ചെയ്തതോടെ വലിയ വാര്‍ത്തയായി. റിട്ടേണിങ് ഓഫീസറും ജില്ലാ കളക്ടറും വിളിച്ചിട്ടും പ്രിസൈഡിങ് ഓഫീസര്‍ മുറിവ് തുറന്നുകാണണം എന്ന നിലപാടെടുത്തു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഡി എം ഒ, ഡോക്ടറെ ബൂത്തിലേക്കയച്ചു. അതിനിടെ എ ഡി എം സ്ഥലത്തെത്തി. ഇതിനിടെ യുവതിയില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി വോട്ട് ചെയ്യിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ വഴങ്ങിയില്ല. ആറുമണിയായതിനാൽ പെണ്‍കുട്ടിയ്ക്ക് സ്ലിപ്പ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. സമയം കഴിഞ്ഞിട്ടും പ്രിസൈഡിങ് ഓഫീസര്‍ വഴങ്ങാത്തതിനെത്തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രത്യക ഉത്തരവ് ഇറക്കിയതോടെയാണ് നാടകീയ രംഗങ്ങൾക്ക് അവസാനമായത്. ആറേകാലോടെ അക്ഷയ വോട്ടു ചെയ്തിറങ്ങുമ്പോള്‍ ഹര്‍ഷാരവങ്ങളോടെയാണ് ഇടത് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ വിവിധ ഫോറങ്ങളില്‍ ഇടത് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. റിട്ടേണിങ് ഓഫീസറും ജില്ലാ കളക്ടര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശേഷമാകും വിഷയത്തിൽ എന്ത് നടപടിയുണ്ടാകുക എന്ന് വ്യക്തമാകുക.