Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് 100 പവൻ സ്വർണ്ണം തട്ടിയ സംഭവം ;വ്യാപാരിയുടെ മുൻ ഡ്രൈവര്‍ കസ്റ്റഡിയില്‍

നെയ്യാറ്റിൻകരയിൽ നിന്നും നൂറു പവൻ സ്വർണ്ണവുമായി ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് രണ്ടു കാറുകളിലെത്തിയ സംഘം സമ്പത്തിനെയും ഡ്രൈവർ അരുണിനെയും ബന്ധുവായ ലക്ഷമണനെയും ആക്രമിച്ച് സ്വർണ്ണം കവര്‍ന്നത്. സ്വർണ്ണവ്യാപാരിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെയും മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
 

driver taken into custody of attacking gold seller
Author
Trivandrum, First Published Apr 11, 2021, 2:34 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ വച്ച് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവര്‍ന്ന കേസിൽ വ്യാപാരിയുടെ മുൻ ഡ്രൈവർ ഗോപന്‍ കസ്റ്റഡിയിൽ. മൂന്നു മാസം മുമ്പ് പൊലീസ് വേഷത്തിൽ തക്കലവച്ച് സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം തട്ടിയ കേസിലെ മുഖ്യ ആസൂത്രകനാണ് ഗോപന്‍. ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്. 

നെയ്യാറ്റിൻകരയിൽ നിന്നും നൂറു പവൻ സ്വർണ്ണവുമായി ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് രണ്ടു കാറുകളിലെത്തിയ സംഘം സമ്പത്തിനെയും ഡ്രൈവർ അരുണിനെയും ബന്ധുവായ ലക്ഷമണനെയും ആക്രമിച്ച് സ്വർണ്ണം കവര്‍ന്നത്. സ്വർണ്ണവ്യാപാരിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെയും മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

അരുണിനെയും ലക്ഷമണനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി. പക്ഷേ അന്വേഷണത്തിൽ രണ്ടുപേരെയും പോത്തൻകോട് സമീപം വാവറ അമ്പലത്തിലാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ലക്ഷമണ്‍ അവിടെ നിന്നും ഓട്ടോയിൽ കയറി ആറ്റിങ്ങൽ എത്തി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

സ്വർണ്ണകവർച്ചക്കായി തമിഴ്നാട്ടിലെത്തിയ മലയാളികള്‍ ഉൾപ്പെടുന്ന സംഘത്തെ കഴിഞ്ഞ ആഴ്ച്ച തമിഴ്നാട് പൊലീസ് കസ്റ്റഡിലെടുത്തുവെങ്കിലും വിട്ടയച്ചിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമിസംഘം ഉപയോഗിച്ച വാഹനങ്ങള കുറിച്ച് ഇതേവരെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. പല സ്ഥാപനങ്ങളിലെയും സിസിസിടി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്.

മഹാരാഷ്ട്ര സ്വദേശിയായ ലക്ഷമണ കേരളത്തിലും തമിഴ്നാട്ടിലും സ്വർണം വിൽക്കുന്നുണ്ട്. ലക്ഷമണയുടെ യാത്രകളെ കുറിച്ച് വ്യക്തമായി സൂചനയുണ്ടായിരുന്ന ഒരാള്‍ ക്വട്ടേഷൻ സംഘത്തിന് വിവരം കൈമാറാനാണ് സാധ്യത. സൈബർ സംഘത്തെ കൂടി ഉള്‍പ്പെടുത്തി വിപുലമായ അന്വേഷണമാണ് നടക്കുന്നത്. വൈകാതെ പ്രതികളെ കുറിച്ച് വ്യക്തതവരുമെന്നാണ് പൊലീസ് പറയുന്നത്. 

Follow Us:
Download App:
  • android
  • ios