തിരുവനന്തപുരം: ഡ്രോണ്‍ ഉപയോഗിക്കുന്നതിന്നുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത് സംസ്ഥാനത്തെ നൂറുകണക്കിനാളുകളുടെ തൊഴില്‍ ഇല്ലാതാക്കുമെന്ന് ആക്ഷേപമുയരുന്നു. രജിസ്ട്രേഷന്‍ നടപടികള്‍, നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

തിരുവനന്തപുരത്തെ തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ ദുരൂഹ സാഹചര്യത്തിൽ ഡ്രോണുകള്‍ പറന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് തീരുമാനിച്ചത്. 250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. 

കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് കേരള പോലീസിന്‍റെ തീരുമാനം. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ''250 ഗ്രാമിൽ കൂടുതലുള്ള ഡ്രോണുകൾ പറത്തുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ട്. നോ പെർമിഷൻ, നോ ടേക്കോഫ് എന്ന ഒരു പോളിസിയുണ്ട്. അതനുസരിച്ചുള്ള ഡ്രോണായിരിക്കണം പറത്തേണ്ടത്. അത്തരത്തിലുള്ള പോളിസി അനുസരിച്ച് ഡ്രോണുണ്ടാക്കുന്ന ഒരു ഇന്ത്യൻ കമ്പനി പോലും ഇന്ത്യയിലില്ല.'', പിഎസിഎ മുൻ സെക്രട്ടറി ജാസിഫ് പറയുന്നു. 

ഡ്രോണ്‍ ഉപയോഗിക്കുന്നവരുടെ രജിസ്റ്റേര്‍ഡ് സംഘടനയാണ് പിഎസിഎ. സംഘടനയിലെ അംഗങ്ങളുടെ തിരച്ചറിയല്‍ രേഖയും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. പ്രായോഗികമല്ലാത്ത രജിസ്ട്രേഷന്‍റെ പേരില്‍ നൂറുകണക്കിനാളുകളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ഈ ആവശ്യമുന്നയിച്ച് നിവേദനം നല്‍കുമെന്നും പിഎസിഎ അറിയിച്ചു.