Asianet News MalayalamAsianet News Malayalam

'സ്കൈ ലിമിറ്റ്'; ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളുമായി ചെറുപ്പക്കാരുടെ സംഘം

ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറയും ജി.പി.എസ് സംവിധാനവുമുപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്ന ആളുകളെ കണ്ടെത്താം.

drones used in flood rescue operations
Author
Thiruvananthapuram, First Published Aug 9, 2019, 2:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലും ഉരുള്‍പൊട്ടലിലും കാണാതായവരെയും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍  തുടരുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളുപയോഗിച്ച് ഒരു സംഘം ചെറുപ്പക്കാര്‍. 'സ്കൈ ലിമിറ്റ്' എന്ന സംഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 250-ഓളം വോളന്‍റിയേഴ്സാണ് ഡ്രോണുകളുമായി രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുന്നത്. 

കഴിഞ്ഞ പ്രളയകാലത്ത് ഡ്രോണുകള്‍ ഉപയോഗിച്ച്  ചെങ്ങന്നൂരില്‍ ഭക്ഷണവും മരുന്നും എത്തിച്ച സ്കൈ ലിമിറ്റ് അംഗമായ കോട്ടയം പള്ളിക്കത്തോട് സ്വദേശി സൂരജ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നാവിക സേനയുടേയും സംസ്ഥാനസര്‍ക്കാരിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലായിരുന്നു സേവനപ്രവര്‍ത്തനങ്ങള്‍. സിനിമാ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന ഡി.ജെ.ഐ. ഇന്‍സ്പയര്‍ 2 എന്ന ഡ്രോണിലാണ് ഇവ നല്‍കിയത്. ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറയും ജി.പി.എസ് സംവിധാനവുമുപയോഗിച്ചാണ് കുടുങ്ങിക്കിടന്ന ആളുകളെ അന്ന് കണ്ടെത്തിയത്. ഇത്തവണയും ശക്തമായ മഴയിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇവര്‍ ആരംഭിച്ചിരിക്കുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച്  സൂരജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

എല്ലാ ജില്ലകളിലും സ്കൈ ലിമിറ്റ് സംഘടനയിലെ വോളന്‍റിയേഴ്സ് സേവനമനുഷ്ഠിക്കുന്നുണ്ട്. ഏകദേശം 250-ഓളം ആളുകളും അത്രത്തോളം തന്നെ ഡ്രോണുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി നിരവധി ആളുകള്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കുന്നുണ്ട്. കൂടുതലും വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ഫോണ്‍ കോളുകളാണ് ലഭിക്കുന്നത്. ആളുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളിലും വെള്ളം കയറി മുങ്ങിയ സ്ഥലങ്ങളിലും ഡ്രോണുകള്‍ ഉപയോഗിച്ച് തെരച്ചിലില്‍ സഹകരിക്കുന്നുണ്ടെന്നും  സുല്‍ത്താന്‍ ബത്തേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സൂരജ് പറഞ്ഞു.

വലിയ ഡ്രോണുകള്‍ സാധാരണയായി സിനിമാ ഷൂട്ടിങിനാണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് 12 ലക്ഷം രൂപയോളം വിലയുണ്ട്. ഭക്ഷണം എത്തിക്കാനും മറ്റും അത്തരം ഡ്രോണുകള്‍ക്ക് കഴിയും. ചെറിയ ഡ്രോണുകളാണ് തെരച്ചിലിനും മറ്റും ഉപയോഗിക്കുന്നത്. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നയാള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും രണ്ട്, മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ തെരച്ചില്‍ നടത്താന്‍ ഈ ഡ്രോണുകള്‍ സഹായിക്കും. വിവിധ ജില്ലകളില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ ഏകോപിപ്പിച്ച് അതത് ജില്ലകളിലെ വോളന്‍റിയേഴ്സിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍. - സൂരജ് വ്യക്തമാക്കി. 

രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകള്‍ ലഭിക്കുന്നതിനായും മറ്റ് അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍:  9447456839, 9544752580

Follow Us:
Download App:
  • android
  • ios