ചെന്നൈ: തമിഴ്നാട്ടിലടക്കം വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിൽ ഉള്‍പ്പെടെയുള്ള പച്ചക്കറിയുടെ വില ഉയരുകയാണ്. ഒരാഴ്ച്ചയ്ക്കിടെ പച്ചക്കറി വില ഇരട്ടിയായി. മണ്‍സൂണ്‍ ഇനിയും കനിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളിലും വില കുതിച്ച് ഉയരുമെന്ന് വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു.

കുടിക്കാന്‍ പോലും വെള്ളമില്ല, പിന്നെങ്ങെനെ കൃഷി ശരിയാകാനാണെന്ന് പച്ചക്കറി വ്യാപാരിയായ ലക്ഷ്മി പറയുന്നു. ഇരുപത് രൂപയുണ്ടായിരുന്ന സാധനങ്ങള്‍ക്ക് വരെ മൂന്നിരട്ടി വിലയായി. മുപ്പത് രൂപയുണ്ടായിരുന്ന ബീന്‍സിന് 150 രൂപയായെന്നും പറയുന്നു കച്ചവടക്കാർ. 

വെള്ളം ഇല്ലാത്തത് കൊണ്ട് പരുത്തികൃഷി നശിച്ചത് കാരണം ജോലി തേടി ചെന്നൈയിലെത്തിയിട്ടും രക്ഷയില്ലെന്നും പറയുന്നത് ഇതര സംസ്ഥാന തൊഴിലാളിയായ മുത്തു പറയുന്നു. കുറഞ്ഞ നിരക്കില്‍ മൊത്തക്കച്ചവടം ചെയ്യുന്ന കോയമ്പേട് ചന്തയില്‍ ഒരാഴ്ച്ചയ്ക്കിടെയുണ്ടായ വിലവിത്യാസം ഇരട്ടിയോളമാണ്. 

കേരളത്തിലേക്ക് കൂടുതലായി  പച്ചക്കറി  കയറ്റുമതി ചെയ്യുന്ന സേലം, മധുര ഉള്‍പ്പടെയുള്ള വിപണികളിലെയും സ്ഥിതി സമാനമാണ്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. 

പച്ചക്കറിക്ക് പുറമേ നെല്ല്, കരിമ്പ്, പൂവ് കൃഷികളെയും ജലക്ഷാമം ബാധിച്ച് തുടങ്ങി. ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ പച്ചക്കറി വരവ് കുറഞ്ഞതും വില ഉയരുന്നതിന് കാരണമായിരിക്കുകയാണ്. കര്‍ഷകര്‍ക്ക് ഒപ്പം തമിഴകത്തെ കാര്‍ഷിക വിപണിയും ആശങ്കയിലാണ്. വരും ദിവസങ്ങളില്‍ മഴ കനിയുമെന്ന പ്രതീക്ഷയിലാണിവര്‍.