തെരഞ്ഞെടുപ്പ് രംഗത്ത് പ്രമുഖ സ്ഥാനാർത്ഥികൾക്ക് തലവേദനയായി അപരന്മാർ സജീവമായി. വികെ പ്രശാന്ത്, ജി സുധാകരൻ, എകെഎം അഷ്റഫ് തുടങ്ങിയവരുടെ പേരിനോട് സാമ്യമുള്ളവർ മത്സരിക്കുന്നത് വോട്ട് ചോർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് മുന്നണികൾ. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഗോദയിൽ പോരാട്ടം മുറുകുമ്പോൾ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാൻ പതിവ് പോലെ അപരന്മാരും സജീവമായി. പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ പേരിനോട് സാമ്യമുള്ളവർ പത്രിക സമർപ്പിച്ചതോടെ വോട്ട് ചോർച്ച തടയാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. എൽഡിഎഫ് വട്ടിയൂര്‍ക്കാവ് സ്ഥാനാർത്ഥി വികെ പ്രശാന്തിന് തലവേദനയായി കെ പ്രശാന്ത് എന്ന അപരൻ പത്രിക നൽകി. വോട്ടർമാർക്ക് പേര് മാറിപ്പോകാൻ സാധ്യതയുള്ളതിനാൽ പ്രചാരണത്തിൽ ചിഹ്നം കൃത്യമായി ബോധ്യപ്പെടുത്താനാണ് എൽഡിഎഫ് ശ്രമം.

Add Asianetnews as a Preferred SourcegooglePreferred

സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാർത്ഥി ജി സുധാകരനെതിരെ പാതിരപ്പള്ളി സ്വദേശി സുധാകരൻ സ്വതന്ത്രനായി പത്രിക സമർപ്പിച്ചു. ജി സുധാകരൻ എന്ന പേരിനൊപ്പം വെറും 'സുധാകരൻ' കൂടി ബാലറ്റിൽ വരുന്നത് തലവേദനയാകും. യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം. അഷ്റഫിനാണ് ഏറ്റവും കൂടുതൽ അപരന്മാരുള്ളത്. മൂന്ന് അഷ്റഫുമാരാണ് ഇവിടെ പത്രിക നൽകിയിരിക്കുന്നത്. കെ എം അഷ്റഫ് എസ്ഡിപിഐ സ്ഥാനാർത്ഥി. മുഹമ്മദ് അഷ്റഫ് ധർമ്മത്തടുക്ക സ്വദേശി - സ്വതന്ത്രൻ, മുഹമ്മദ് അഷ്റഫ് കെഎ കീഴൂർ സ്വദേശി - സ്വതന്ത്രൻ എന്നിങ്ങനെയാണ് പത്രിക നൽകിയിട്ടുള്ളത്.

ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ ഫലം മാറി മറിയുന്ന മണ്ഡലങ്ങളിൽ അപരന്മാര്‍ പിടിക്കുന്ന വോട്ട് സ്ഥാനാര്‍ത്ഥിയുടെ തോൽവിക്ക് കാരണമാകുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയാണ് മുന്നണികൾ അപര ഭീഷണിയെ നേരിടുന്നത്. വോട്ടിങ് മെഷീനിൽ സ്ഥാനാർത്ഥിയുടെ പേരിനൊപ്പം ഫോട്ടോയും ചിഹ്നവും ഉണ്ടെങ്കിലും പേരിന്റെ സാമ്യം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുമെന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളെല്ലാം സാക്ഷ്യം പറയുന്നത്.