Asianet News MalayalamAsianet News Malayalam

ഉത്രകേസിൽ പ്രധാന തെളിവ്, പാമ്പിനെ കടുപ്പിച്ചുള്ള ഡമ്മി പരിശോധന; സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം

യഥാര്‍ഥ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ആ പരീക്ഷണത്തിന്‍റെ ദൃശ്യങ്ങളാണ് ഉത്ര വധക്കേസിലെ സുപ്രധാനമായ തെളിവായി കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത്. 

dummy trial with snake in Uthra case  uthra case verdict today
Author
Kollam, First Published Oct 11, 2021, 7:45 AM IST

കൊല്ലം: ശാസ്ത്രീയ തെളിവുകളുടെ സമാഹരണമായിരുന്നു ഉത്ര വധക്കേസില്‍ ( uthra case) പൊലീസ് (kerala police) നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സൂരജ് (sooraj) ഉത്രയെ പാമ്പിനെ (snake) കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന കണ്ടെത്തല്‍ കോടതിക്കു മുന്നില്‍ തെളിയിക്കാന്‍ ഡമ്മി പരിശോധന (dummy trial ) എന്ന ആശയമാണ് പൊലീസ് നടപ്പാക്കിയത്. യഥാര്‍ഥ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ആ പരീക്ഷണത്തിന്‍റെ ദൃശ്യങ്ങളാണ് ഉത്ര വധക്കേസിലെ സുപ്രധാനമായ തെളിവായി കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത്. 

മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ താന്‍ കൊന്നുവെന്നായിരുന്നു പൊലീസിനു മുന്നിലെ സൂരജിന്‍റെ കുറ്റസമ്മത മൊഴി. പക്ഷേ ഈ മൊഴി മാത്രം കൊണ്ട് കോടതിക്ക് മുന്നില്‍ സൂരജ് ചെയ്ത കുറ്റം തെളിയിക്കാനാവില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു.
 
സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം, ഡമ്മി പരിശോധന

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്പ് കടിക്കുമോ?  ഏതു സാഹചര്യത്തിലാവാം പാമ്പ് ഉത്രയെ  കടിച്ചിട്ടുണ്ടാവുക? പാമ്പ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര? ഇങ്ങനെ സംശയങ്ങള്‍ ഒരുപാടുയര്‍ന്നു. എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു കൊല്ലം അരിപ്പയിലെ വനം വകുപ്പ് കേന്ദ്രത്തിലെ മുറിയില്‍ അന്വേഷണ സംഘം നടത്തിയ ഡമ്മി പരിശോധനയുടെ ദൃശ്യങ്ങള്‍. 

കൊല്ലപ്പെട്ട ഉത്രയോളം ഭാരമുളള ഡമ്മിയിൽ ഡമ്മിയിലാണ് മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കൈയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്പ്  കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്പിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കി. അപ്പോള്‍ മാത്രമായിരുന്നു പാമ്പ് ഡമ്മിയില്‍ കടിച്ചത്. ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍ പാമ്പിന്‍റെ പല്ലുകള്‍ക്കിടയിലുണ്ടായ അകലം  1.7 സെന്‍റി മീറ്ററാണെന്നും വ്യക്തമായി. പിന്നീട് പാമ്പിന്‍റെ ഫണത്തില്‍ മുറുക്കെ പിടിച്ച് ഡമ്മിയില്‍ കടിപ്പിച്ചു. ഈ കടിയില്‍ പല്ലുകള്‍ക്കിടയിലെ അകലം  2 സെന്‍റി മീറ്ററിലധികമായി ഉയര്‍ന്നു.  ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവിലും പാമ്പിന്‍ പല്ലുകള്‍ക്കിടയിലെ അകലം രണ്ട് മുതല്‍ രണ്ട് ദശാംശം എട്ട് സെന്‍റി മീറ്റര്‍ വരെയായിരുന്നു.

ഒരാളെ സ്വാഭാവികമായി  പാമ്പ് കടിച്ചാലുണ്ടാകുന്ന മുറിവില്‍ പാമ്പിന്‍റെ പല്ലുകള്‍ തമ്മിലുളള അകലം  എപ്പോഴും 2 സെന്‍റി മീറ്ററില്‍ താഴെയായിരിക്കും. എന്നാല്‍ ഫണത്തില്‍ പിടിച്ച് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതിനാലാണ്  ഉത്രയുടെ ശരീരത്തില്‍ കണ്ട മുറിവുകളിലെ പാമ്പിന്‍റെ പല്ലുകള്‍ക്കിടയിലുളള അകലം ഇതിലും ഉയര്‍ന്നത്. ഈ വസ്തുതയാണ് പ്രധാനമായും ഡമ്മി പരിശോധനയിലൂടെ വെളിപ്പെട്ടത്. 

സര്‍പ്പശാസ്ത്രജ്ഞനും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും,മൃഗസംരക്ഷണ വകുപ്പിലെയും ഫൊറന്‍സിക് വിഭാഗത്തിലെയും വിദഗ്ധരായ ഡോക്ടര്‍മാരും അടങ്ങുന്ന  സംഘവും ഡമ്മി പരിശോധനയിലൂടെ പൊലീസ് നടത്തിയ കണ്ടെത്തലുകള്‍ സാക്ഷ്യപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ തന്നെയാകും സൂരജിന്‍റെ വിധി തീരുമാനിക്കുന്നതില്‍ കോടതിക്കു മുന്നില്‍ പ്രധാന തെളിവായി ഉയര്‍ന്നു വരിക.

 

 

Follow Us:
Download App:
  • android
  • ios