പുതിയ തസ്തികകൾ സൃഷ്ടിച്ച സർക്കാരിന്റെ തീരുമാനം മാതൃകാപരമാണ്. ഈ തീരുമാനത്തിന്റെ ഗുണം നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കൂടി പ്രയോജനപ്പെടുന്ന വിധം കാലാവധി നീട്ടണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകണമെന്ന് ഡിവൈഎഫ്‌ഐ സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളിൽ ആയിരക്കണക്കിന് തസ്തികകളാണ് പുതുതായി സർക്കാർ സൃഷ്ടിച്ചിട്ടുള്ളത്. പുതുതായി സൃഷ്ടിച്ച തസ്തികകൾ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള സ്വാഭാവിക നടപടി ക്രമങ്ങൾ നടന്നുവരികയാണ്. പുതിയ തസ്തികകൾ സൃഷ്ടിച്ച സർക്കാരിന്റെ തീരുമാനം മാതൃകാപരമാണ്. ഈ തീരുമാനത്തിന്റെ ഗുണം നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കൂടി പ്രയോജനപ്പെടുന്ന വിധം കാലാവധി നീട്ടണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്.

ഇതിനു പുറമെ പരീക്ഷ രീതികൾ പരിഷ്‌കരിക്കാൻ പി എസ് സി തീരുമാനിച്ചിരിക്കുകയാണ്. പരീക്ഷാ പരിഷ്കരണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും കാലതാമസം നേരിടും. നിലവിൽ നിരവധി റാങ്ക് ലിസ്റ്റുകളുടെ കാലാവധി വരുന്ന മാസങ്ങളിൽ അവസാനിക്കുകയാണ്. പുതിയ രീതി അനുസരിച്ച് രണ്ടു തരം പരീക്ഷകൾ നടത്തി നിയമന നടപടികളിലേക്ക് കടക്കാൻ സ്വാഭാവികമായ കാലതാമസം ഇനിയുമുണ്ടാകും. ഈ കാലയളവിൽ പുതുതായി സൃഷ്ടിച്ച തസ്തികകളിലും, ഉടനടി വരാനിരിക്കുന്ന റിട്ടയർമെന്റ്, പ്രമോഷനെ തുടർന്നുണ്ടാകുന്ന ഒഴിവുകളിലേക്കും നിയമനങ്ങൾ തടസപ്പെടും.

നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയും പി.എസ്.സി പരീക്ഷ രീതികൾ പരിഷ്‌കരിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ കൂടിയാണ് റാങ്ക് ലിസ്റ്റുകളുടെ കലാവധി ദീർഘിപ്പിച്ചു നൽകണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത്.

കേന്ദ്ര സർക്കാർ സമ്പൂർണ നിയമന നിരോധനം പ്രഖ്യാപിച്ചിരിക്കുന്ന സന്ദർഭത്തിലാണ് സംസ്ഥാനത്ത് മാത്രം നിയമനം വേഗതയിൽ നടക്കുന്നത്. രാജ്യത്ത് ഇന്ന് സ്ഥിരനിയമനങ്ങൾക്ക് നിരോധനമോ നിയന്ത്രണമോ ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ഇരുപത്തി ഏഴായിരത്തിലധികം സ്ഥിരം തസ്തികകളാണ് അഞ്ച് വർഷത്തിനകം പിണറായിസർക്കാർ സൃഷ്ടിച്ചത്.
ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഡിവൈഎഫ്ഐ അവകാശപ്പെട്ടു.