ദേശീയ പാതാ വികസനത്തിനായി വെട്ടിപ്പൊളിച്ച റോഡ് പണി പൂർത്തിയാക്കണം, ടോൾ പ്ലാസ പരിസരത്തെ റോഡുകളിലെ തെരുവു വിളക്കുകൾ പ്രവർത്തിപ്പിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം
കൊല്ലം: ഡിവൈഎഫ്ഐ പ്രതിഷേധത്തിന് പിന്നാലെ കൊല്ലത്ത് കുരീപ്പുഴ ടോൾ പ്ലാസയിലെ ടോൾ പിരിവ് തത്കാലത്തേക്ക് നിർത്തി. ദേശീയപാതാ വികസനം പൂർത്തിയാകുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടത്. ടോൾ പിരിക്കാൻ കരാർ കമ്പനി, മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ഇടപെടൽ തേടി.
ദേശീയ പാതാ വികസനത്തിനായി വെട്ടിപ്പൊളിച്ച റോഡ് പണി പൂർത്തിയാക്കണം, ടോൾ പ്ലാസ പരിസരത്തെ റോഡുകളിലെ തെരുവു വിളക്കുകൾ പ്രവർത്തിപ്പിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. അതുവരെ ടോൾ പിരിവ് അനുവദിക്കില്ലെന്നും സിപിഎം യുവജന സംഘടന നിലപാടെടുത്തു. അഞ്ചാലും മൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസ ഉപരോധിച്ച് പ്രതിഷേധിച്ചു. ഇതോടെ ടോൾ പ്ലാസ അടക്കുകയായിരുന്നു.
നാലു ദിവസമായി ടോളില്ലാതെയാണ് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത്. സബ് കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തി ടോൾ പ്ലാസ തുറക്കാൻ അനുമതി നൽകിയെങ്കിലും പിരിവ് അനുവദിക്കില്ലെന്ന നിലപാടിലാണ് ഡി വൈ എഫ് ഐ. ടോൾ പ്ലാസ അടച്ചതോടെ മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ഇടപെടൽ തേടിയിരിക്കുകയാണ് ടോൾ പിരിവ് കമ്പനി. 2021 ലാണ് കുരീപ്പുഴയിൽ ടോൾ തുടങ്ങിയത്. പ്രതിദിനം മൂന്നു ലക്ഷം രൂപയാണ് വരുമാനം. 40 ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ദേശീയപാതാ വികസനം പൂർത്തിയാകുമ്പോൾ കുരീപ്പുഴയ്ക്ക് പകരം ജില്ലയുട രണ്ട് അതിർത്തികളായ ഓച്ചിറയിലും കല്ലുവാതുക്കലിലും ടോൾ പ്ലാസ തുടങ്ങാനാണ് നീക്കം.
