'സമരങ്ങൾ ചെയ്യുന്നില്ല, ഊർജ്ജമില്ല'; കേന്ദ്ര നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം
രണ്ടാം പിണറായി മന്ത്രിസഭയിലെ ഘടകകക്ഷി മന്ത്രിമാർക്കും വിമർശനമുണ്ട്. വൈദ്യുതി വകുപ്പിൻ്റെയും ഗതാഗത വകുപ്പിൻ്റെയും പ്രവർത്തനം ശരിയായ ദിശയിലല്ലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉയരുന്ന വിമർശനം. മനേജ്മെൻ്റിനെ നിലയ്ക്ക് നിർത്താൻ മന്ത്രിമാർക്ക് ആകുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ.

പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം. പൊതുചർച്ചയിലാണ് ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വത്തിനെതിരായ വിമർശനം ഉയര്‍ന്നത്. സമരങ്ങൾ ചെയ്യുന്നില്ലെന്നും മുതിർന്ന സിപിഎം നേതാക്കൾക്കുള്ള ഊർജം പോലും ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വത്തിനില്ലെന്നുമാണ് കുറ്റപ്പെടുത്തൽ.
രണ്ടാം പിണറായി മന്ത്രിസഭയിലെ ഘടകകക്ഷി മന്ത്രിമാർക്കെതിരെയും വിമർശനമുണ്ട്. വൈദ്യുതി വകുപ്പിൻ്റെയും ഗതാഗത വകുപ്പിൻ്റെയും പ്രവർത്തനം ശരിയായ ദിശയിലല്ലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉയരുന്ന വിമർശനം. മനേജ്മെൻ്റിനെ നിലയ്ക്ക് നിർത്താൻ മന്ത്രിമാർക്ക് ആകുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ.
പൊലീസിനെ വിമർശിച്ച് മലപ്പുറത്ത് നിന്നുള്ള പ്രതിനിധികളും രംഗത്തെത്തി. ലഹരി ഗുണ്ടാ സംഘകങ്ങളെ തുറന്നുകാട്ടുന്നതിൽ കണ്ണൂർ ജില്ലാ കമ്മിറ്റി മാതൃകയാണെന്നാണ് സംസ്ഥന സെക്രട്ടറിയുടെ നിരീക്ഷണം. ഈ വിഷയത്തിൽ മറ്റു ജില്ലകൾ കണ്ണൂരിനെ മാതൃകയാക്കണമെന്നാണ് ഉപദേശം.
പതിനഞ്ചാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം വ്യാഴാഴ്ചയാണ് പത്തനംതിട്ടയിൽ തുടങ്ങിയത്. സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പതാക ഉയർത്തി. എഴുത്തുകാരനും ഇടത് സഹയാത്രികനുമായ സുനിൽ പി ഇളയിടം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന - കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രായപരിധി കർശനമാക്കുന്നതോടെ നിലവിലെ ഭാരവാഹികളിൽ പകുതിയിലധികം ആളുകളും ഒഴിയും. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വി കെ സനോജ് തുടരും .30ന് നടക്കുന്ന സമാപന സമ്മേളനവും യുവജന റാലിയും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.