Asianet News MalayalamAsianet News Malayalam

പിഎസ്‍സി തട്ടിപ്പ്: സത്യം പുറത്തു വരണമെന്ന് ഡിവൈഎഫ്ഐ

പിഎസ്‍സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളത്തരം പുറത്തുകൊണ്ടുവരണമെന്നും പിഎസ്‍സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. 

DYFI wants PSC's  truth to come out
Author
Trivandrum, First Published Aug 6, 2019, 5:44 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്തും പ്രണവും പിഎസ്‍സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന പിഎസ്‌സിയുടെ വെളിപ്പെടുത്തൽ ​ഗൗരവമായി എടുക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്. ഇരുവരും പിഎസ്‍സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ സമഗ്രമായ പൊലീസ് അന്വേഷണം നടക്കണമെന്നും സതീഷ് വ്യക്തമാക്കി.

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളത്തരം പുറത്തുകൊണ്ടുവരണമെന്നും പിഎസ്‍സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും സതീഷ് കൂട്ടിച്ചേർത്തു. യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ വിദ്യാർഥി അഖിലിനെ കുത്തികൊല്ലാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിഎസ്‍സി കോൺസ്റ്റബിൾ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൻ പരീക്ഷ ക്രമക്കേട് നടന്നതായി വ്യക്തമായി.

കേസിൽ പിഎസ്‍സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പലക്കോണിൽനിന്നും സമ്മർദ്ദം ഉണ്ടായതിന് പിന്നാലെ പ്രതികൾ പരീക്ഷ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് കാണിച്ച്  പിഎസ്‌സി ചെയർമാൻ രം​ഗത്തെത്തി. പിഎസ്‍സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78ഉം സന്ദേശങ്ങൾ വന്നിരുന്നെന്ന് എം കെ സക്കീർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോൺസ്റ്റബിൾ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണിൽ രണ്ട് മണി മുതൽ മൂന്നേകാല്‍ മണി വരെ സന്ദേശങ്ങളെത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പല ഫോണ്‍ നമ്പറുകളില്‍ നിന്നാണ് രണ്ട് പ്രതികള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചത്. ശിവരഞ്ജിത്തിന്റെ നമ്പറിലേക്ക് 7907508587, 9809269076 എന്നീ രണ്ട് നമ്പരിൽ നിന്നും എസ്എംഎസ് വന്നുവെന്നും പ്രണവിന്റെ 9809555095 എന്ന നമ്പരിലേക്ക് 7907936722, 8589964981, 9809269o76 എന്നീ നമ്പരുകളിൽ നിന്നും എസ്എംഎസ് വന്നുവെന്നും എം കെ സക്കീർ പറഞ്ഞു. എസ്എംഎസ് വന്ന ഒരു നമ്പരിലേക്ക് പരീക്ഷക്ക് ശേഷം പ്രണവ് തിരിച്ചു വിളിച്ചിരുന്നെന്നും സക്കീർ മാധ്യമങ്ങളോട് പറഞ്ഞു.

പിഎസ്‍സി പരീക്ഷാക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പിഎസ്‍സി. 2018 ജൂണ്‍ 22 ന് നടന്ന  പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈൽ വിവരങ്ങള്‍ പരിശോധിക്കുമെന്ന് എം കെ സക്കീർ അറിയിച്ചു. ഇതിനായി സൈബർ സെല്ലിന്റെ സഹായം തേടും. സിവിൽ പൊലീസ് ഓഫീസർ ‍(വനിത പൊലീസ് കോണ്‍സ്റ്റബിള്‍), (വനിത ബറ്റാലിയന്‍), സിവില്‍ പൊലീസ് ഓഫീസർ ‍(പൊലീസ് കോണ്‍സ്റ്റബിള്‍), (ആംഡ് പൊലീസ് ബറ്റാലിയന്‍, കാറ്റഗറി നമ്പര്‍ 653/2017, 657/2017) തസ്തികകളുടെ പരീക്ഷകളാണ് ജൂലൈ 22ന് നടന്നത്.

അന്വേഷണം സത്യസന്ധമായിട്ടാണ് നടത്തിയതെന്നും പിഎസ്‍സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും എം കെ സക്കീർ കൂട്ടിച്ചേര്‍ത്തു. ഏറ്റവും ഉന്നത അന്വേഷണമാണ് പിഎസ്‍സി പരീക്ഷാക്രമക്കേടിനെക്കുറിച്ച് നടത്തിയതെന്നും ഫോൺ വിശദാംശങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് നിന്നുള്ളവർ ഉൾപ്പെട്ടതിനാൽ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും പിഎസ്‍സി ചെയർമാൻ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios