തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതി അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇ മൊബിലിറ്റി പദ്ധതി കൺസൽട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയത് മന്ത്രിസഭ അറിഞ്ഞിട്ടാണോ എന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം. അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് കെപിസിസി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. 

എല്ലാവരെയും ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതെന്നും കോടിയേരി ഇതിന് വെള്ളപൂശുകയാണെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. പാർട്ടിയിലെ അംഗത്തിനോ കുടുംബാംഗത്തിനോ ബന്ധമുണ്ടോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മറുപടി പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പുത്ര വാത്സ്യത്താൽ ബധിരരായിരിക്കുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. 

ഇ-മൊബിലിറ്റി പദ്ധതിയിൽ കൺസൽട്ടൻസി കരാ‌ർ നൽകിയതിൽ വൻ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് ഇന്നലെയാണ് രംഗത്തെത്തിയത്. സെബി നിരോധിച്ച കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രി താല്പര്യമെടുത്തുവെന്നായിരുന്നു ചെന്നിത്തലയുടെ ആക്ഷേപം. 

4500 കോടി മുടക്കി 3000 ബസ്സുകൾ വാങ്ങാനുള്ള പദ്ധതിയിലെ കൺസൽട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയതാണ് പുതിയ വിവാദം. സംസ്ഥാന സർക്കാറിനെതിരായ ഏറ്റവും വലിയ അഴിമതിയെന്ന് പറഞ്ഞാണ് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപണം ഉയർത്തിയത്. മന്ത്രിസഭ ചർച്ച ചെയ്യാതെ ടെണ്ടർ വിളിക്കാതെ മുഖ്യമന്ത്രി മുൻകയ്യെടുത്താണ് കരാർ എന്നാണ് പ്രതിപക്ഷ ആരോപണം.