Asianet News MalayalamAsianet News Malayalam

'നഷ്ടപ്പെട്ടത് ഏറെ പ്രിയപ്പെട്ട സഖാവിനെ'; പി ബിജുവിന്റെ വിയോഗത്തില്‍ ഇ പി ജയരാജന്‍

കരുത്തനായ യുവജന നേതാവും തനിക്ക് ഏറെ പ്രിയപ്പെട്ട സഖാവുമായ പി ബിജുവിന്റെ വേര്‍പാട് അതീവ ദുഃഖകരമെന്ന് ജയരാജന്‍
 

e p jayarajan fb post on p biju death
Author
Thiruvananthapuram, First Published Nov 4, 2020, 10:08 AM IST

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി ഇ പി ജയരാജന്‍. കരുത്തനായ യുവജന നേതാവും തനിക്ക് ഏറെ പ്രിയപ്പെട്ട സഖാവുമായ പി ബിജുവിന്റെ വേര്‍പാട് അതീവ ദുഃഖകരമെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
കരുത്തനായ യുവജന നേതാവും എനിക്ക് ഏറെ പ്രിയപ്പെട്ട സഖാവുമായ പി ബിജുവിന്റെ വേർപാട് അതീവ ദുഃഖകരമാണ്. വാക്കുകൾ കൊണ്ട് പ്രതിഫലിപ്പിക്കാൻ കഴിയാത്ത നഷ്ടമാണ് അകാലത്തിലുള്ള ഈ വിയോഗം. വളരെ ഊർജ്ജസ്വലനും കാര്യ പ്രാപ്തനുമായ യുവാവായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തുറ്റ പോരാളിയായിരുന്നു. ഏറെ പക്വവും സൗമ്യവുമായ പെരുമാറ്റം എതിരാളികളുടെ പോലും ബഹുമാനം നേടിക്കൊടുത്തു. ഏതു വിഷയവും ആഴത്തിൽ പഠിച്ച് ഇടതുപക്ഷ ആശയങ്ങളുമായി ചേർത്തുവെച്ച് അവതരിപ്പിക്കാൻ മിടുക്കനായിരുന്നു. ഏൽപ്പിക്കുന്ന ചുമതലകൾ ഏറ്റവും നല്ല നിലയിൽ നിർവഹിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ ബോർഡിനെ ഏറെ ഉന്നതമായ ഒരു സ്ഥാപനമാക്കി ഉയർത്തി. കെവിഡ് പ്രതിരോധത്തിൽ ബോർഡ് നടത്തിയ പ്രവർത്തനങ്ങൾ ബിജുവിന്റെ കറയറ്റ മനുഷ്യസ്നേഹത്തിന് തെളിവാണ്. നല്ല നാളേയ്ക്കു വേണ്ടി നടത്തിയ ഒട്ടേറെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തിയാണ് സഖാവ് വിടപറഞ്ഞത്.
കൊവിഡിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിവരങ്ങൾ അതത് സമയത്ത് അന്വേഷിച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ആ ജീവൻ കവരുകയായിരുന്നു.
കേരളത്തിലെ യുവജനപ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

Follow Us:
Download App:
  • android
  • ios