Asianet News MalayalamAsianet News Malayalam

പലാരിവട്ടം മേൽപ്പാലത്തിൽ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഇന്ന് പരിശോധന

മദ്രാസ് ഐഐടിയിലെ വിദഗ്ധരും ശ്രീധരനൊപ്പം പരിശോധനക്കുണ്ടാവും. അതേസമയം പാലത്തിന്‍റെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥർക്ക് വിജിലൻസ് നോട്ടീസ് അയച്ചു. 

E Sreedharan visits palarivattom over bridge
Author
Kochi, First Published Jun 17, 2019, 6:53 AM IST

കൊച്ചി: പലാരിവട്ടം മേൽപ്പാലത്തിൽ ഇന്ന് മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. ഈ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ച് നീക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. അറ്റകുറ്റ പണികൾ പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മെട്രോമാൻ ഇ ശ്രീധരന്റെ ഉപദേശം തേടിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തിയ ശ്രീധരൻ പാലം ഒരു കോൺക്രീറ്റ് സ്പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ പാലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാരും ആവശ്യപ്പെട്ടു.  ഇതനുസരിച്ചാണ് ഇ ശ്രീധരന്റെ നേതൃത്വത്തിൽ പാലത്തിൽ വിദഗ്ദ്ധ പരിശോധന നടത്തുന്നത്. പാലത്തിന്റ കൂടുതൽ സാന്പിളുകൾ ശേഖരിച്ച് പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ടാകും സർക്കാരിന് നൽകുക. ഈ റിപ്പോർട്ട് പരിഗണിച്ചായിരിക്കും പാലം പൊളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മദ്രാസ് ഐഐടിയിലെ വിദഗ്ധരും ശ്രീധരനൊപ്പം പരിശോധനക്കുണ്ടാവും.

അതേസമയം പാലത്തിന്‍റെ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥർക്ക് വിജിലൻസ് നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം വിജിലൻസ് നിർമ്മാണ കന്പനിയായ ആർഡിഎസ് കൺസ്ട്രഷൻസിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും പരിശോധിച്ചു വരികയാണ്. കംപ്യൂട്ടർ ഹാർഡ് ഡിസ്ക് അടക്കമുള്ളവ പരിശോധനക്കായി ഫോറൻസിക്ക് വിദ്ഗ്ദ്ധ‌ർക്കും അയക്കും. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകളാകും ആദ്യ ഘട്ടത്തിൽ പരിശോധിക്കുക.

Follow Us:
Download App:
  • android
  • ios