തൃശ്ശൂർ: ഔദ്യോഗിക സമയത്തിന് മുമ്പ് മന്ത്രി  എ സി മൊയ്തീൻ വോട്ട് ചെയ്ത സംഭവത്തിൽ തൃശ്ശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അംഗീകരിച്ചേക്കും. തെരഞ്ഞെടുപ്പ് നടപടികളിൽ വരണാധികാരിയുടെ റിപ്പോർട്ട് അന്തിമമാണ് എന്ന വിലയിരുത്തിയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കളക്ടറുടെ റിപ്പോർട്ട് അംഗീകരിക്കുന്നത്. വിഷയത്തിൽ ഇനി തുടർ നടപടിയുണ്ടാവാൻ സാധ്യതയില്ല എന്നാണ് സൂചന. 

ഔദ്യോഗിക സമയത്തിന് മുമ്പ് മന്ത്രി എ.സി.മൊയ്തീൻ വോട്ട് ചെയ്തതില്‍  പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് തൃശൂർ ജില്ല കളക്ടറുടെ റിപ്പോർട്ട്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ 7 മണിയായപ്പോഴാണ് വോട്ടെടുപ്പ് തുടങ്ങിയതെന്നാണ്  റിപ്പോർട്ടിൽ പറയുന്നത്. എന്നാല്‍ മന്ത്രിയെ രക്ഷിക്കാൻ പച്ചക്കള്ളം പറയുന്ന കളക്ടറെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുക്കര ബൂത്തിലെത്തി രാവിലെ 6.55-ന് മന്ത്രി എ സി മൊയ്തീൻ വോട്ട് ചെയ്തത്  ചട്ടലംഘനമാണെന്ന്  ചൂണ്ടിക്കാട്ടി അനിൽ അക്കര എം എൽ എ, ടി എൻ പ്രതാപൻ എം പി, തൃശ്ശൂർ ഡിസിസി പ്രസിഡന്റ് എം പി വിൻസന്റ് എന്നിവരാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഇതേ തുടർന്നാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ എസ് ഷാനവാസിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്. 

എന്നാൽ മന്ത്രിക്കും പ്രിസൈഡിംഗ് ഓഫീസര്‍ക്കും ക്ലീൻ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ നല്‍കിയിരിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസറാണ് പോളിംഗ് ബൂത്തിൻറെ അധികാരി. അദ്ദേഹത്തിൻറെ വാച്ചില്‍ 7 മണിയായപ്പോഴാണ് മന്ത്രിയെ വോട്ടു ചെയ്യാൻ അനുവദിച്ചതില്‍ എന്ത് ചട്ടലംഘനമാണെന്നാണ് കളക്ടർ ചോദിക്കുന്നത്. 

എന്നാൽ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോൺ​ഗ്രസ് ഉയർത്തുന്നത്. വോട്ടിംഗ് മെഷീനില്‍ വോട്ടെടുപ്പ് തുടങ്ങിയ സമയം രേഖപ്പെടുത്തുമെന്നിരിക്കെ പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിലെ സമയം നോക്കുന്നത് പരിഹാസ്യമാണെന്നും എൽ ഡി എഫ് കൺവീനറെ പോലെയാണ് കളക്ടര്‍ പെരുമാറുന്നതും ടി എൻ പ്രതാപൻ എം പി പ്രതികരിച്ചു. തൃശ്ശൂ‍ർ കളക്ട‍ർ വോട്ടെണ്ണലിന് നേതൃത്വം നല്‍കിയാല്‍ വ്യാപക ക്രമക്കേടിന് സാധ്യതയുണ്ടെന്നും അതിനാല്‍ വോട്ടിം​ഗ് മെഷീൻ സൂക്ഷിച്ച കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കണമെന്നും ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടു.