ആലപ്പുഴ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണെന്ന് കേരള ധനമന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാനത്തും ഇതിന്‍റെ തുടർച്ചയായി സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് തോമസ് ഐസക് മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് പ്രതിസന്ധിയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അംഗീകരുക്കയാണ് ആദ്യം വേണ്ടതെന്ന് തോമസ് ഐസക് പറയുന്നു. 

പ്രതിസന്ധി നേരിടാൻ സംസ്ഥാനങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഇതിനായി നിർമ്മല സീതാരാമൻ സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട കേരള ധനമന്ത്രി പശ്ചാത്തല വികസനത്തിനായി കൂടുതൽ നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെടുന്നു. 

തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കണമെന്നും തൊഴിൽ ദിനങ്ങൾ നീട്ടണമെന്നും പറഞ്ഞ ഐസക്, പദ്ധതി ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. വിപണയിൽ ഇപ്പോഴുള്ള പ്രതിസന്ധി ബാങ്കിംഗ് മേഖലയെ ബാധിക്കുമെന്നും  ഐസക് മുന്നറിയിപ്പ് നൽകുന്നു. 

വാഹന വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ വാഹനങ്ങൾ വാങ്ങുവാൻ ആറ് മാസത്തേക്ക് പലിശ രഹിതമോ പലിശ കുറഞ്ഞതോ ആയ വായ്പ ലഭ്യമാക്കണമെന്ന നിർദ്ദേശവും ഐസക് മുന്നോട്ട് വച്ചു.