കണ്ണൂര്‍: ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലും ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ സ്ഥാപനത്തിലും നടക്കുന്ന പരിശോധനയുടെ ഭാഗമായി തലശ്ശേരിയിലും റെയ്ഡ്. ബിനീഷിന്റെ സുഹൃത്ത് അനസിന്‍റെ തലശ്ശേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്നു  മുഹമ്മദ് അനസ്. ഇദ്ദേഹത്തിന്‍റെ വീട്ടിലാണ് ഇഡി സംഘം പരിശോധന നടക്കുന്നത്. 

അനസിൻ്റെ വീടിനകത്തും പരിസരങ്ങളിലും ഇഡി  പരിശോധന നടത്തി. വീടിനു സമീത്തുനിന്നും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ രേഖകൾ കണ്ടെത്തി. രേഖകൾ ഭാഗികമായി കത്തിച്ചിരുന്നു. അനസ് സ്ഥലത്തില്ലാത്തതിനൽ അഭിഭാഷകൻ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇ ഡി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അഭിഭാഷകൻ മടങ്ങുകയായിരുന്നു

തിരുവനന്തപുരം ജില്ലയിൽ ബിനീഷ് കോടിയേരിയുടെ വീട് അടക്കം ആറ് ഇടങ്ങളിലാണ് ഒരേ സമയം ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നത്. സിആര്‍പിഎഫും കര്‍ണാടക പൊലീസും സംഘത്തോടൊപ്പം ഉണ്ട്. ബിനാമി ബന്ധം ഉണ്ടെന്ന് പ്രതീക്ഷിക്കുന്ന എല്ലാ ഇടങ്ങളിലും ഒരുമിച്ചാണ് പരിശോധന നടക്കുന്നത്.