തിരുവനന്തപുരം: ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി ലയനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ലയനം അടക്കമുള്ള ഖാദർ കമ്മിറ്റിയുടെ മൂന്ന് ശുപാർശകളിൽ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. പ്രവേശനോത്സവം അടക്കം ബഹിഷ്ക്കരിക്കുന്ന സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നീക്കം.

പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് ഖാദർ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനം. ഒന്ന് മുതൽ 12 ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനെന്ന ഒറ്റ കുടിക്കീഴിലാക്കും. പൊതു പരീക്ഷ ബോ‍ർഡ് രൂപീകരിക്കും. പുതിയ ഡയറക്ടർക്കായിരിക്കും ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി വിഎച്ച്എസ്ഇ പരീക്ഷ ബോർഡുകളുടെ ചുമതല. ഹൈസ്ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപനമേധാവി പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും. പക്ഷെ ചില ശുപാർശകൾ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്.

ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽപി, യുപി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല. എഇഒ, ഡിഇഒ ഓഫീസുകൾ നിർത്തലാക്കില്ല. പക്ഷെ വേണ്ടത്ര ചർച്ചയില്ലാതെ ശുപാർശകൾ നടപ്പാക്കുന്നതിൽ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉയർത്തി. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.