തിരുവനന്തപുരം: അയോധ്യ കേസിലെ വിധി ചരിത്ര വിദ്യാർത്ഥിയെന്ന നിലയിൽ സമാധാനമോ സന്തോഷമോ നൽകുന്നതല്ലെന്ന് അധ്യാപകനും എഴുത്തുകാരനുമായ ഡോ രാജൻ ഗുരുക്കൾ. അയോധ്യയിലെ തർക്കഭൂമിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തിനും പുതു തലമുറയ്ക്കും ഉപയോഗമുണ്ടാകുന്ന ഒരു വിധി മോഹിച്ചിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഒരു തരത്തിലും സന്തോഷം നൽകുന്ന വിധിയല്ല ഇതെന്നും വ്യക്തമാക്കി. 

രാജൻ ഗുരുക്കളിന്‍റെ വാക്കുകൾ: 

 

രാജ്യത്തിന്‍റെ പരമോന്നത നീതി പീഠം പ്രഖ്യാപിച്ചിരിക്കുന്ന വിധിയാണ്, രാജ്യത്തെ പൗരനെന്ന നിലയിൽ വിധി എന്തായാലും സ്വീകരിക്കുക എന്നതാണ് ചെയ്യേണ്ടത്. എന്നാൽ ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിയെന്ന നിലയിലും അധ്യാപകനെന്ന നിലയിലും, ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന ആൾ എന്ന നിലയിലും എന്നെ സംബന്ധിച്ചടുത്തോളം ഈ വിധി നമ്മളെ പുറകോട്ടടിക്കുന്നതാണ്. 

ഒരു വിഭാഗം ജനങ്ങളെയും വിശ്വാസത്തെയും പരിഗണിച്ച് പുറപ്പെടുവിച്ച വിധിയാണ് ഇത്, അവിടെ ഒരു അത്യാധുനിക ഗവേഷണ സ്ഥാപനമോ അല്ലെങ്കിൽ മ്യൂസിയമോ സ്ഥാപിക്കുമെന്നാണ് ആഗ്രഹിച്ചത്. പരസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥ പ്രശ്നങ്ങളും നമ്മളെ അലട്ടുന്ന കാലമാണ് ഇത്. അങ്ങനെയുള്ള സമയത്ത് ആ ചെറിയ നഗരത്തിൽ ആരാധനാലയമാണോ സ്ഥാപിക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. ഒരു ചരിത്ര വിദ്യാർത്ഥിക്ക് സമാധാനമോ സന്തോഷമോ നൽകുന്ന വിധിയല്ല ഇതെന്നും രാജൻ ഗുരുക്കൾ കൂട്ടിച്ചേർത്തു.