ദില്ലി: കാർഷിക ബില്ല് പാസാക്കിയ നടപടി പാർലമെന്റിന്റെ ചരിത്രത്തിൽ ഇല്ലാത്തതെന്ന് ഇടത് എംപിമാർ. ശബ്ദ വോട്ടോടെ ബില്ല് പാസാക്കാൻ തീരുമാനിച്ചത് പാസാകില്ലെന്ന് സർക്കാരിന് സംശയം ഉണ്ടായതിനാലാണെന്നും രാജ്യസഭാംഗം എളമരം കരീം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ രാജ്യത്തെയും ഭരണഘടനയെയും അവഹേളിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോർപറേറ്റുകൾക്ക് രാജ്യത്തെ ഏൽപ്പിച്ച് കൊടുക്കാനുള്ള ധൃതിയല്ലാതെ മറ്റൊന്നും കേന്ദ്രസർക്കാരിന് ഇല്ലായിരുന്നു. സമരം ചെയ്യുന്ന ലക്ഷക്കണക്കിന്  കർഷകരുടെ വികാരമാണ് 12 പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രകടിപ്പിച്ചത്. അതിനെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു സർക്കാർ. ഡപ്യൂട്ടി ചെയർമാനു എതിരെ അവിശ്വസത്തിനു ഇടത് പാർട്ടികൾ നോട്ടീസ് നൽകി. നോട്ടീസ് ചർച്ച ചെയ്യുന്നത് വരെ ഡപ്യുട്ടി ചെയർമാനെ മാറ്റി നിർത്തണം. നാളത്തെ സഭാ സമ്മേളനം കൂടി പരിഗണിച്ചു കൂടുതൽ പ്രതിഷേധം ആലോചിക്കും. ബില്ലിനെ എതിർക്കുന്ന 12 പ്രതിപക്ഷ പാർട്ടികളാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇടത് പാർട്ടികൾക്ക് പുറമെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എൻസിപി, സമാജ്‌വാദി പാർട്ടി, മുസ്‌ലിം ലീഗ് തുടങ്ങിയ 12 പാർട്ടികളുടെ പിന്തുണയും പ്രമേയത്തിനുണ്ട്. 

കൊവിഡ് കാലത്ത് ഓർഡിനൻസിലൂടെ കർഷക വിരുദ്ധ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കി. പിന്നാലെയാണ് പാർലമെന്റിൽ മൂന്ന് കർഷക വിരുദ്ധ ബില്ല് കൊണ്ടുവന്നത്. ഓർഡിനൻസ് ഇറക്കിയത് ഇടതു എംപിമാർ ചോദ്യം ചെയ്തിരുന്നു. ബില്ല് സെലക്ട്‌ കമ്മിറ്റിക്ക് അയക്കണം എന്ന് ഇടതു പിമാർ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്ക് ശേഷം സഭ തുടരാൻ അംഗങ്ങളോട് അഭിപ്രായം ചോദിക്കണമായിരുന്നു. സർക്കാർ നടത്തിയത് ചട്ട ലംഘനമാണ്. വോട്ടെടുപ്പ് വേണം എന്ന ആവശ്യം പരിഗണിച്ചില്ലെന്നും എളമരം കരീം വിമർശിച്ചു.